World News
ഇന്ത്യ-ചൈന നയതന്ത്രബന്ധം സാധാരണനിലയിലേക്കെത്തിക്കാന്‍ നടപടികള്‍ തുടരുന്നു; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 12, 03:51 am
Tuesday, 12th November 2024, 9:21 am

ബെയ്ജിങ്: ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലേക്കെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും ചേര്‍ന്ന് നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനായുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതായാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ഇരു രാജ്യങ്ങളുടെയും വിഷ്‌ലിസ്റ്റുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ബെയ്ജിങ് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരു രാജ്യങ്ങളിലേക്കുമുള്ള നേരിട്ടുള്ള ഫ്‌ളൈറ്റുകള്‍, വിസ നിയന്ത്രണങ്ങള്‍ ലഘൂകരിക്കല്‍, മൊബൈല്‍ ആപ്ലിക്കേഷനുകളുടെ നിരോധനം നീക്കുക, ചൈനീസ് പത്രപ്രവര്‍ത്തകരെ ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കുക, ചൈനീസ് തീയറ്ററുകളില്‍ കൂടുതല്‍ ഇന്ത്യന്‍ സിനിമകള്‍ അനുവദിക്കുക, തുടങ്ങിയ കാര്യങ്ങളാണ് ചൈനയുടെ വിഷ്‌ലിസ്റ്റുകളായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം ചൈനീസ് ഉദ്യോഗസ്ഥരമായി സര്‍ക്കാര്‍ നടത്തിയ തിങ്ക് ടാങ്കുകളിലെയും മാധ്യമ കൂടിക്കാഴ്ചയിലേയും വിശകലന ചര്‍ച്ചയിലേയും സന്ദേശമാണിവയെന്നാണ് പറയുന്നത്.

അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മാധ്യമ പ്രതിനിധികളുമായി ചൈനീസ് ഉദ്യോഗസ്ഥര്‍ ആദ്യമായാണ് ചര്‍ച്ച നടത്തുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രതിനിധികള്‍, വിദേശകാര്യമന്ത്രിമാര്‍, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാര്‍ എന്നിവരോട് അടുത്ത ഘട്ടത്തിലേക്കുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാനും ഇരുരാജ്യങ്ങളും തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ മാസം റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും നയതന്ത്രവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെത്തുകയും ചെയ്തിരുന്നു.

നവംബര്‍ 18,19 തീയതികളില്‍ ബ്രസീലില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കാമെന്നും നിലപാടുകളെടുക്കേണ്ടത് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Steps to normalize India-China diplomatic ties continue: Report