കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യാന്‍ ഏറ്റവും എളുപ്പമായി തോന്നിയിട്ടുള്ളത് പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനുമാണെന്ന് പറയുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍. പൃഥ്വിരാജിനായി താന്‍ ആദ്യം ചെയ്ത കോസ്റ്റ്യൂം അദ്ദേഹത്തിന് ആദ്യം ചേരില്ലായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അത് ധരിച്ച് ഷൂട്ട് ചെയ്തുവെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌റ്റെഫി പറഞ്ഞു.
‘പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും വേണ്ടി കോസ്റ്റ്യൂം ചെയ്യുമ്പോള്‍ വളരെ എളുപ്പമായി തോന്നാറുണ്ട്. ചാക്കോച്ചന്റെ കൂടെയാണ് ഏറ്റവും കൂടുതല്‍ സിനിമ ചെയ്തിട്ടുള്ളത്. 2015ലാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പടം ചെയ്തിട്ടുള്ളത്. പൃഥ്വിരാജിന്റെ കൂടെ ആദ്യം ഡാര്‍വിന്റെ പരിണാമം എന്ന സിനിമയാണ് ചെയ്തത്. അതിന് മുമ്പ് അദ്ദേഹത്തെ കണ്ടിട്ട് പോലുമില്ല.
അത് എന്റെ മൂന്നാമത്തെ സിനിമയാണ്. വേറേതോ സെറ്റില്‍ നിന്നും വരികയാണ് പൃഥ്വിരാജ്. നേരിട്ട് പോയി അളവ് എടുക്കാന്‍ പറ്റിയിട്ടില്ല. അവിടുത്തെ ടെയ്‌ലേഴ്‌സിനെ കോണ്‍ടാക്ട് ചെയ്താണ് അളവ് വാങ്ങിയത്. തുടക്ക സമയത്തെ എന്റെ അറിവില്ലായ്മയും കുറെ പ്രശ്‌നങ്ങളുമുണ്ടായിരുന്നു.
പുള്ളി കോസ്റ്റ്യൂം ഇട്ട് കാരവാനില്‍ നിന്നും ഇറങ്ങുമ്പോള്‍ പുള്ളിക്ക് ആ പാന്റൊന്നും ഫിറ്റല്ല. നോക്കൂ ഇതെനിക്ക് കറക്ടല്ല, പക്ഷേ ഈ ഒരു ഷോട്ടില്‍ ഞാന്‍ ഇത് ഇടാം, രണ്ടുമൂന്ന് മണിക്കൂര്‍ ഈ സീന്‍ പോകും, നിങ്ങള്‍ ഉച്ച കഴിഞ്ഞ് എന്റെ ഫിറ്റിങ്ങിലുള്ള കുറച്ച് ഡ്രസ് കൊണ്ടുവരൂ എന്ന് പറഞ്ഞു. വേറെ ആരെങ്കിലുമാണെങ്കില്‍ ആ കോസ്റ്റ്യൂം ഇട്ട് പുറത്ത് വരുക പോലും ചെയ്യില്ലെന്നാണ് എനിക്ക് തോന്നുന്നത്.
ഞാന്‍ പുതിയ ആളാണ്. എനിക്ക് ആ കണ്‍സിഡറേഷന്‍ തന്നിട്ടുണ്ട്. ഇവര്‍ക്കെല്ലാം എന്നോട് എത്ര വേണമെങ്കിലും ഡിമാന്‍ഡ് ചെയ്യാം. എന്നാല്‍ ഇപ്പോഴും എന്നെ ട്രസ്റ്റ് ചെയ്യുന്നു. അവര്‍ക്ക് വേണ്ടി വര്‍ക്ക് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ് എനിക്ക്,’ സ്റ്റെഫി പറഞ്ഞു.
അതേസമയം സ്റ്റെഫി ആദ്യമായി സംവിധായികയാവുന്ന മധുര മനോഹര മോഹം റിലീസിനൊരുങ്ങുകയാണ്. ഷറഫുദ്ദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍, സൈജു കുറുപ്പ്, ആര്‍ഷ ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
Content Highlight: stephy zaviour talks about prithviraj