| Saturday, 15th July 2023, 11:23 am

ആട് ജീവിതത്തിനായി സൗദി പൊലീസിന്റെ തൊപ്പിയിലെ എംബ്ലം ചെന്നൈയിൽ നിന്നാണ് റീക്രിയേറ്റ് ചെയ്തത്: സ്റ്റെഫി സേവ്യർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെന്യാമിന്റെ ‘ആട് ജീവിതം’ എന്ന നോവൽ വായിച്ചിട്ട് കണ്ണുകൾ ഈറനണിയാത്ത വായനക്കാർ കുറവാണ്. അതുകൊണ്ടുതന്നെ നോവൽ സിനിമയാക്കാൻ പോകുന്നു എന്ന വാർത്ത വന്നതുമുതൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിനായി വസ്ത്രാലങ്കാരം നിർവഹിച്ച സംവിധായികയും സ്റ്റൈലിസ്റ്റുമായ സ്റ്റെഫി സേവ്യർ തന്റെ ആടുജീവിതം ഷൂട്ടിങ് ഓർമകൾ പങ്കുവെക്കുകയാണ്.

ആട് ജീവിതം സിനിമക്കായി പ്രവർത്തിക്കുമ്പോൾ മുൻകാല സൗദി പൊലീസുകാർ ഉപയോഗിച്ച തൊപ്പിയിലെ എംബ്ലം ചെന്നൈയിൽ നിന്നും റീക്രിയേറ്റ് ചെയ്‌തെടുത്തതാണെന്ന് സ്റ്റെഫി സേവ്യർ പറഞ്ഞു. ആൽബങ്ങളിലൂടെയാണ് പഴയ കാല ട്രെൻഡുകൾ മനസിലാക്കിയതെന്നും ഡിസൈൻ ചെയ്യാൻ ആവശ്യമായ ധാരാളം വസ്തുക്കൾ സൗദിയിൽ നിന്നും വരുത്തേണ്ടി വന്നിരുന്നെന്നും സ്റ്റെഫി പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റെഫി.

‘ആട് ജീവിതത്തിന്റെ ഏറ്റവും വലിയ പ്രശ്നം എന്തെന്നാൽ ഒരു കോസ്റ്റ്യൂം ഡിസൈനർ അവരുടെ ഇഷ്ടത്തിന് ഡിസൈൻ ചെയ്ത് നജീബിനെയൊക്കെ ഒരുക്കിയാൽ അത് വളരെ ബോറായിപ്പോകും. ഇത് ഒരുപാട് ആളുകൾ വായിച്ചിട്ടുള്ള കഥയാണ്, വായിക്കാത്തവരും ഉണ്ട്. അപ്പോൾ നമ്മുടേതായ രീതിയിൽ നജീബിനെ റെഡിയാക്കിയാൽ ആളുകൾ അത് അംഗീകരിക്കില്ല.

ഞാൻ ഈ ചിത്രത്തിനായി ഡിസൈൻ ചെയ്യുന്ന സമയത്ത് സൗദിയിൽ പലയിടങ്ങളിലും വസ്ത്രങ്ങളുടെ ആവശ്യങ്ങൾക്കായി പോകേണ്ടിവന്നിട്ടുണ്ട്. സൗദിയിൽ പലയിടങ്ങളിലും ഫോട്ടോ എടുക്കാൻ അനുമതി ഇല്ലായിരുന്നു. മറ്റ് സ്ഥലങ്ങളിലേതുപോലെ ചില സ്ഥലങ്ങളിൽ അത്ര എളുപ്പമല്ലായിരുന്നു അത്.

അന്ന് അവിടെ മീഡിയയിൽ ഉണ്ടായിരുന്ന ഒരാളെ ബ്ലെസ്സി സാർ പരിചയപ്പെടുത്തി തന്നു. അദ്ദേഹം വഴിയാണ് പഴയ കാര്യങ്ങൾ ഒക്കെ അറിയാൻ കഴിഞ്ഞത്.

സൗദിയിൽ അന്ന് ഉണ്ടായിരുന്ന ആളുകളുടെ ആൽബങ്ങൾ ഒക്കെ കണ്ടു, ഇവിടുത്തെ ആളുകളുടെ ട്രെൻഡുകൾ അറിയാനും ആൽബങ്ങൾ കാണുകയാണ് ചെയ്തത്. വീഡിയോകൾ ഒക്കെ കുറവായിരുന്നു.

അന്നത്തെ സൗദി പൊലീസിന്റെ വേഷങ്ങൾ ഒക്കെ ഇപ്പോൾ ഉള്ളതിൽ നിന്നും വ്യത്യസ്തമാണ്. അന്ന് പൊലീസുകാരുടെ തൊപ്പിയിൽ ഉള്ള എംബ്ലം ലോഹം കൊണ്ടുള്ളതായിരുന്നു. അതൊക്കെ ചെന്നൈയിൽ ചെന്ന് പിന്നീട് റീക്രിയേറ്റ് ചെയ്തു.

കുറെ സാധനങ്ങൾ സൗദിയിൽ നിന്നും കൊണ്ടുവന്നു. ആട്ജീവിതം എപ്പോഴെങ്കിലും ഒരു സിനിമ എന്ന നിലയിൽ മാർക്ക് ചെയ്യപ്പെടും. അപ്പോൾ നമ്മുടെ വർക്ക് മോശമാകാതെ നിൽക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നു,’ സ്റ്റെഫി സേവ്യർ പറഞ്ഞു.

Content Highlights: Stephy Zaviour on Aadujeevitham movie

We use cookies to give you the best possible experience. Learn more