| Thursday, 22nd June 2023, 11:53 pm

എ.ഡിസ് കണ്ടിന്യുവിറ്റി മറന്നുപോവും, എന്നാല്‍ ധരിച്ച ഷര്‍ട്ടിന്റെ കൈ എത്ര തവണ മടക്കിവെച്ചുവെന്ന് പോലും ആ താരം ഓര്‍ത്തിരിക്കും: സ്‌റ്റെഫി സേവ്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോസ്റ്റ്യൂം കണ്ടിന്യുവിറ്റിയില്‍ ഏറ്റവും കൂടുതല്‍ ഓര്‍മയുള്ളത് പൃഥ്വിരാജിനെന്ന് കോസ്റ്റ്യൂം ഡിസൈനറും സംവിധായികയുമായ സ്റ്റെഫി സേവ്യര്‍. നാല് മാസം മുമ്പേ നടന്ന സിനിമയാണെങ്കിലും ഷര്‍ട്ടിന്റെ കയ്യില്‍ എത്ര മടക്കുകളുണ്ടായിരുന്നു എന്ന് പോലും അദ്ദേഹം ഓര്‍ത്തിരിക്കുമെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌റ്റെഫി പറഞ്ഞു.

‘കോസ്റ്റ്യൂം കണ്ടിന്യുവിറ്റിയില്‍ ഏറ്റവും കൂടുതല്‍ ഓര്‍മയുള്ളത് പൃഥ്വിരാജിനാണ്. ചില സിനിമകള്‍ ഷെഡ്യൂളായി ഷൂട്ട് ചെയ്തുവരും. നാല് മാസം മുമ്പ് നടന്ന ഷൂട്ടില്‍ കൈ മടക്കിവെച്ച ഒരു ഷര്‍ട്ട് ഉണ്ടാവും. കണ്ടിന്യുവിറ്റി നോക്കാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ അതിന്റെ ഫോട്ടോ എടുക്കുകയോ നോട്ട് ചെയ്ത് വെക്കുകയോ ചെയ്യും. പക്ഷേ അവര്‍ അത് മറന്നുപോയിട്ടുണ്ടാവും. എന്നാലും അന്ന് ആ ഷര്‍ട്ട് നാല് പ്രാവശ്യമാണ് മടക്കിവെച്ചതെന്ന് പൃഥ്വിരാജിന് ഓര്‍മയുണ്ടാവും,’ സ്റ്റെഫി പറഞ്ഞു.

ഏത് ഡ്രസ് ഇട്ടാലും ചേരുന്ന നടി മംമ്ത മോഹന്‍ദാസാണെന്നും സ്റ്റെഫി പറഞ്ഞു. ‘ഏത് ഡ്രസ് ഇട്ടാലും ചേരുന്ന നടി മംമ്ത മോഹന്‍ദാസാണ്. അവര്‍ക്ക് ഭംഗി കൂടിപ്പോയതാണ് പ്രശ്നം എന്ന് തോന്നിയിട്ടുണ്ട്. ഒരു ഡ്രസ് മംമ്ത ഇടുമ്പോള്‍ എങ്ങനെ നോര്‍മലാക്കി എടുക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ ചാക്കോച്ചന്‍, ടൊവിനോ, പൃഥ്വിരാജ്, ആസിഫ് ഇവരൊക്കെ ഏത് ഡ്രസിട്ടാലും ശരീരത്തിന് ചേരും.

ചില സിനിമ ചെയ്യുമ്പോള്‍ സംവിധായകനോ ഡി.ഒ.പിയോ ചില റഫറന്‍സുകള്‍ തരാറുണ്ട്. അമേരിക്കയിലെ ഏതെങ്കിലും ഫോറിന്‍ മോഡല്‍ ഇട്ടതായിരിക്കും നമുക്ക് റഫറന്‍സ് തരുന്നത്. അതെടുത്ത് കാണിച്ചിട്ട് ഇതാണ് വേണ്ടതെന്ന് പറയും. ഇത് ഇവിടെ ഉള്ള ആളുകളുടെ ബോഡി ഷെയ്പ്പിലേക്ക് മാറുമ്പോള്‍ ലുക്ക് എല്ലാം മാറും. നമ്മുടേത് കുറച്ചൂടെ കേര്‍വി ആയിട്ടുള്ള ബോഡി ഷെയ്പ്പാണ്. അപ്പോള്‍ ഇവരെ ഇത് എങ്ങനെ പറഞ്ഞുമനസിലാക്കും എന്ന് വിചാരിക്കും,’ സ്റ്റെഫി പറഞ്ഞു.

അതേസമയം സ്റ്റെഫി ആദ്യമായി സംവിധായികയായ മധുര മനോഹര മോഹം കഴിഞ്ഞ ജൂണ്‍ 16നാണ് റിലീസ് ചെയ്തത്. ഷറഫുദ്ദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍, സൈജു കുറുപ്പ്, ആര്‍ഷ ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

Content Highlight: stephy zaviour about prithviraj’s memory of continuity

We use cookies to give you the best possible experience. Learn more