| Monday, 11th December 2023, 12:11 pm

പല പ്രൊഡക്ഷൻ ടീമിന്റെ അടുത്തും കഥ പറഞ്ഞെങ്കിലും അവരാരും സഹകരിച്ചില്ല: സ്റ്റെഫി സേവ്യർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനർ ആയി വർക്ക് ചെയ്തിട്ടുള്ള വ്യക്തിയാണ് സ്റ്റെഫി സേവ്യർ. മധുര മനോഹര മോഹം എന്ന ചിത്രത്തിലൂടെ കോസ്റ്റ്യൂം ഡിസൈനറിൽ നിന്നും സ്റ്റെഫി സംവിധാനത്തിലേക്കെത്തുകയായിരുന്നു. രജിഷ വിജയൻ, ബിന്ദു പണിക്കർ, ഷറഫുദ്ദീന്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മധുര മനോഹര മോഹമാണ് സ്റ്റെഫി ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

എന്നാൽ താൻ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോഴുള്ള പ്രൊഡക്ഷൻ ടീമും ഹീറോയും മൂന്ന് മാസം കഴിഞ്ഞപ്പോൾ ഒഴിവാക്കി പോയെന്നും സ്റ്റെഫി പറഞ്ഞു. അതിന് ശേഷം താൻ ഒരുപാട് പ്രൊഡ്യൂസർമാരെയും നടന്മാരെയും സമീപിച്ചെന്നും സ്റ്റെഫി കൂട്ടിച്ചേർത്തു. എന്നാൽ ആ രണ്ട് വർഷം രജിഷ വിജയൻ തന്റെ കൂടെ നിന്നെന്ന് ക്ലബ്ബ് എഫ്.എമ്മിന്റെ ഡയറക്ടേഴ്‌സ് ക്ലബ്ബ്23 എന്ന പരിപാടിയില്‍ സ്റ്റെഫി പറയുന്നുണ്ട്.

‘2020 ലാണ് ഞങ്ങൾ ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. അന്ന് വേറൊരു പ്രൊഡക്ഷൻ ഉണ്ടായിരുന്നു, അതുപോലെ വേറെ ഒരു ഹീറോ ഉണ്ടായിരുന്നു. പിന്നീട് ഒരു മൂന്നുമാസം കഴിഞ്ഞപ്പോൾ അവർ ഈ പടം വേണ്ടെന്നുവച്ചു. ആ സമയം ഹീറോയും പ്രൊഡക്ഷനും എല്ലാം പോയി. ഞാനും സ്ക്രിപ്റ്റും റൈറ്റേഴ്സും മാത്രമേയുള്ളൂ.

എനിക്ക് സിനിമ ബന്ധങ്ങൾ ഉള്ളതുകൊണ്ട് ഞാൻ പല പ്രൊഡക്ഷന്റെയും അടുത്ത് പോയപ്പോഴും പറയാൻ ഒരു അവസരം ഉണ്ട്. പക്ഷേ അത് പറഞ്ഞുകഴിയുമ്പോൾ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും. ഒരു സിനിമയിലും എ.ഡി (അസിസ്റ്റന്റ് ഡയറക്ടർ) ആയിട്ട് നിന്നിട്ടില്ലല്ലോ? അങ്ങനെ ഒരുപാട് ചോദ്യങ്ങളാണ്.

എന്നെ ആളുകൾ ഒരുപാട് അറിയുന്നതുകൊണ്ട് തന്നെ ഒരുപാട് ജഡ്ജ് ചെയ്ത് കളയും. എന്നെ അറിയുന്നതുകൊണ്ടുള്ള ഒരുപാട് അനുകൂല്യങ്ങൾ ഉണ്ടെങ്കിലും അതിന്റേതായിട്ടുള്ള പ്രശ്നങ്ങളും ഇവിടെയുണ്ട്. ഞാൻ ഒരുപാട് പ്രൊഡക്ഷനിൽ പോയി പറഞ്ഞിട്ടുണ്ട്. ഒരുപാട് നായകന്മാരുടെ അടുത്ത് പോയിട്ടുണ്ട്. അതെല്ലാം നടക്കുമ്പോഴും ആ രണ്ടുവർഷം രജിഷ ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി എന്നെ വിശ്വസിച്ച് കൂടെ നിന്നു.

ഞാനവിടെ പോകും തിരിച്ചു വരും. പിന്നെ ഈ കഥയുടെ സിമിലർ ആയിട്ടുള്ള ഒരു ബ്രദർ സിസ്റ്റർ പരിപാടി രജിഷയ്ക്ക് വന്നിരുന്നു. അവർക്ക് പ്രൊഡക്ഷനും ഡയറക്ടറും ഹീറോയുമുണ്ട്. 2021ലാണ് ആ സിനിമ വരുന്നത്. ഈ പടത്തിന് അന്ന് പ്രൊഡ്യൂസർ ആയിട്ടില്ല. ഇതിനുവേണ്ടി രജിഷ അത് ചെയ്യാതിരുന്നു. ആ സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. എനിക്ക് വേണ്ടി അവൾ അത്രയും നിന്നിട്ടുണ്ട്. എനിക്ക് അവളോട് എന്നും സ്നേഹമാണ്,’ സ്റ്റെഫി സേവ്യർ പറഞ്ഞു.

Content Highlight: Stephy Zaviour about her struggle to directed a movie

We use cookies to give you the best possible experience. Learn more