ആടുജീവിതം ഇത്രയും വർഷം ഡിലെ വന്നത് തന്റെ ഭാഗ്യമാണെന്ന് ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ. ബ്ലെസി ഈ പടം പ്ലാൻ ചെയ്യുമ്പോൾ താൻ പ്ലസ് വണ്ണിനോ പ്ലസ്ടുവിനോ പടിക്കുകയാണെന്നും അത് പല കാരണങ്ങൾകൊണ്ടും കുറെ കാലം കഴിഞ്ഞാണ് ഷൂട്ട് തുടങ്ങിയതെന്നും സ്റ്റെഫി പറഞ്ഞു.
അങ്ങനെ ഡിലെ വന്നത് തന്റെ ഭാഗ്യമാണെന്നും അതുകൊണ്ടാണ് താൻ ഈ സിനിമയുടെ ഭാഗമായതെന്നും സ്റ്റെഫി കൂട്ടിച്ചേർത്തു. ജാങ്കോ സ്പേസ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റെഫി.
‘2017ലാണ് ആടുജീവിതം തുടങ്ങുന്നത്. അന്ന് ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നിട്ട് രണ്ടുവർഷം ആകുന്നതേയുള്ളൂ. ആടുജീവിതത്തിന്റെ ബാക്കിയുള്ള ടെക്നീഷ്യൻസിന്റെ പേര് നോക്കുമ്പോൾ ഏറ്റവും കുറച്ച് എക്സ്പീരിയൻസ് ഉള്ള ആൾ ഞാനായിരുന്നു. എനിക്ക് കോൾ വരുന്ന സമയത്താണ് എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടുന്നത്. അതെല്ലാം ഒരേ സമയത്താണ് നടക്കുന്നത്. സിനിമകളുടെ എണ്ണം പറയുമ്പോൾ ഞാൻ വളരെ കുറവേ അന്ന് ചെയ്തിട്ടുള്ളൂ.
സാർ പടം പ്ലാൻ ചെയ്യുന്ന അന്ന് ഞാൻ പ്ലസ് വണ്ണിനോ പ്ലസ്ടുവിനോ പഠിക്കുകയാണ്. ഞാൻ കേട്ടിട്ടുണ്ട് ഇത് പല കാരണങ്ങൾ കൊണ്ട് കുറെ കാലം കഴിഞ്ഞിട്ടാണ് ഷൂട്ട് തുടങ്ങിയത് എന്ന്. എന്റെ ഒരു വലിയ ഭാഗ്യമായിരിക്കാം ഇങ്ങനെ ഒരു ഡിലെ വന്നത്. എങ്കിലേ ഞാൻ ഇതിന്റെ ഭാഗമാവുകയുള്ളൂ. പഠിത്തം കഴിഞ്ഞ് കോസ്റ്റ്യൂമിൽ, പിന്നീട് ആടുജീവിതം വരെ വന്ന ആ ഒരു സമയം അതെനിക്ക് വേണ്ടി ആയതു പോലെ തോന്നാറുണ്ട്,’ സ്റ്റെഫി സേവ്യർ പറഞ്ഞു.
മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മാർച്ച് 28നാണ് ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്.
Content Highlight: Stephy Zaviour about aadujeevitham movie’s delay