| Wednesday, 14th June 2023, 5:24 pm

സിനിമയിലെത്തി രണ്ട് വര്‍ഷം മാത്രം കഴിഞ്ഞപ്പോഴാണ് ആടുജീവിതത്തിലേക്ക് വിളിക്കുന്നത്, ജീവിതത്തില്‍ സംഭവിച്ച അത്ഭുതമാണ് ആ ചിത്രം: സ്റ്റെഫി സേവ്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതം സിനിമയെ പറ്റി സംസാരിക്കുകയാണ് സംവിധായികയും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവ്യര്‍. ആടുജീവിതം തന്റെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതമാണെന്നും രണ്ട് വര്‍ഷം മാത്രം കോസ്റ്റ്യൂം ഡിസൈന്‍ രംഗത്ത് പരിചയമുള്ള തന്നെ എന്തുകൊണ്ട് ചിത്രത്തിലേക്ക് വിളിച്ചുവെന്ന് അറിയില്ലെന്നും സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്റ്റെഫി പറഞ്ഞു.

‘ഒരുപാട് പറഞ്ഞാല്‍ ബ്ലെസി സാര്‍ എന്നെ ഓടിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആടുജീവിതം എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു അത്ഭുതം പോലെയാണ് തോന്നുന്നത്.

2015ലാണ് സിനിമയില്‍ ഞാന്‍ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യാന്‍ തുടങ്ങിയത്. 2017ലാണ് എന്നെ ആടുജിവിതത്തിലേക്ക് വിളിക്കുന്നത്. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് മാത്രമേ എനിക്കുള്ളൂ. ഞാന്‍ നോക്കുമ്പോള്‍ റസൂല്‍ പൂക്കുട്ടി, എ.ആര്‍. റഹ്‌മാന്‍, ബ്ലെസി സാര്‍ എന്നിങ്ങനെ വലിയ പേരുകളുടെ കൂട്ടത്തിലേക്ക് എന്റെ പേര് കൂടി വരുമല്ലോ, എന്തുകൊണ്ട് എന്നെ വിളിച്ചു എന്ന് അറിയില്ല.

എന്റെ ജീവിതത്തില്‍ ഏറ്റവും അഭിമാനം തോന്നുന്ന ഒരു കാര്യമാണ് ആടുജീവിതത്തില്‍ കോസ്റ്റ്യൂം ഡിസൈനറായത്. എന്റെ അമ്മക്കൊക്കെ അതില്‍ വലിയ അഭിമാനമുണ്ട്,’ സ്റ്റെഫി പറഞ്ഞു.

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ നടന്‍ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ട്രെയ്‌ലര്‍ പ്രേക്ഷക പ്രതീക്ഷകളെ ഏറ്റിയിരുന്നു. അമല പോളാണ് ചിത്രത്തില്‍ നായികയാവുന്നത്.

അതേസമയം സ്റ്റെഫി സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹം റിലീസിനൊരുങ്ങുകയാണ്. ഷറഫുദ്ദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍, സൈജു കുറുപ്പ്, ആര്‍ഷ ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ജൂണ്‍ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: stephy zaviour about aadujeevitham

We use cookies to give you the best possible experience. Learn more