| Tuesday, 13th June 2023, 1:17 pm

സൂപ്പര്‍ഹിറ്റ് സിനിമകളില്‍ പോലും പേയ്‌മെന്റ് കിട്ടിയില്ല; നഷ്ടത്തിലായ സിനിമകളുടെ പേയ്‌മെന്റ് ചോദിക്കാന്‍ ചമ്മലാകും: സ്‌റ്റെഫി സേവ്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് സിനിമയില്‍ കോസ്റ്റിയൂം ചെയ്തതിന് ശേഷം പേയ്‌മെന്റ് കിട്ടിയില്ലെന്ന് പറയുകയാണ് കോസ്റ്റിയൂം ഡിസൈനറും സംവിധായികയുമായ സ്‌റ്റെഫി സേവ്യര്‍. സിനിമ ഇറങ്ങിയിട്ട് തരാമെന്ന് പറയുമെന്നും ചിലപ്പോള്‍ ആ സിനിമ നഷ്ടത്തിലായാല്‍ പോയി ചോദിക്കാന്‍ ചമ്മലാകുമെന്നും സ്‌റ്റെഫി പറഞ്ഞു. സൂപ്പര്‍ ഹിറ്റ് സിനിമകളിലും പേയ്‌മെന്റ് ലഭിക്കാതെ വന്നിട്ടുണ്ടെന്നും അവര്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഇഷ്ടം പോലെ പേയ്‌മെന്റ് കിട്ടാതെ വന്നിട്ടുണ്ട്. 90 സിനിമകളില്‍ കൂടുതല്‍ പടങ്ങളിലും പേയ്‌മെന്റ് കിട്ടാതെ വന്നിട്ടുണ്ട്. ചിലത് നമ്മളായിട്ട് തന്നെ വേണ്ടെന്ന് വെക്കും. ലാസ്റ്റ് പേയ്‌മെന്റാണ് ബുദ്ധിമുട്ടായിട്ട് വരിക. സിനിമ ഇറങ്ങി എന്തെങ്കിലും ബിസിനസ് ആയിട്ട് തരാമെന്ന് പറയും. ചിലപ്പോള്‍ ആ സിനിമകള്‍ ഭയങ്കര നഷ്ടത്തിലായിരിക്കും പോയിട്ടുണ്ടാവുക. അപ്പോള്‍ നമുക്ക് പോയിട്ട് ചോദിക്കാനുള്ള ചമ്മല്‍ ഉണ്ടാകും. അങ്ങനെ കുറേ സിനിമകളുടെ പേയ്‌മെന്റ് പോയിട്ടുണ്ട്. ചിലത് സൂപ്പര്‍ഹിറ്റായിട്ടും തരാതെ പോയിട്ടുണ്ട്.

ഇവിടെ യൂണിയനൊക്കെ ഉണ്ടല്ലോ. ഞാനൊരു സിനിമ ചെയ്തു. എനിക്ക് പേയ്‌മെന്റ് ക്ലിയറായില്ലെങ്കില്‍ യൂണിയനില്‍ നിന്ന് എന്‍.ഒ.സി പോകണം. ഞാന്‍ ഫെഫ്കയില്‍ വിളിച്ച് സിനിമയുടെ പേയ്‌മെന്റ് ക്ലിയറല്ലെന്ന് പറഞ്ഞാല്‍ എനിക്ക് ക്ലിയറാക്കി തരുമവര്‍. ഒരു സിനിമയില്‍ എനിക്കും തന്നിട്ടുണ്ട്.

നമ്മള്‍ എല്ലാവരും പോയി കംപ്ലേന്റ് ചെയ്യുകയല്ലേ. ചിലത് അവര്‍ തരുമെന്ന പ്രതീക്ഷയില്‍ അങ്ങ് പോകും. അങ്ങനെ പോയ സിനിമകളെല്ലാം ഉണ്ട്,’ സ്റ്റെഫി പറഞ്ഞു.

തന്റെ സിനിമയില്‍ എല്ലാവര്‍ക്കും കൃത്യമായിട്ട് ശമ്പളം കിട്ടിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഷൂട്ട് തീരുന്നതിന് മുമ്പ് തന്നെ പ്രൊഡ്യൂസര്‍ മുഴുവന്‍ ക്ലിയര്‍ ചെയ്‌തെന്നും സ്റ്റെഫി പറഞ്ഞു.

‘ഷൂട്ട് തീരുന്നതിന് മുമ്പ് എന്റെ പ്രൊഡ്യൂസര്‍ മുഴുവന്‍ ക്ലിയര്‍ ചെയ്തു. നല്ലവനായ പ്രൊഡ്യൂസറായിരുന്നത് കൊണ്ട് ഷൂട്ട് തീരുന്നതിന് മുമ്പ് എല്ലാവരുടെയും അക്കൗണ്ടില്‍ പേയ്‌മെന്റ് ക്ലിയറായി. അങ്ങനെ ഒരു സംഭവമുണ്ടായിട്ടുണ്ട്,’ സ്റ്റെഫി കൂട്ടിച്ചേര്‍ത്തു.

സ്‌റ്റെഫി സംവിധായികയാവുന്ന ആദ്യ ചിത്രമായ മധുര മനോഹര മോഹം ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, ബിന്ദു പണിക്കര്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന് ശേഷം ആ3എം ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ.

ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഹിഷാമിനെക്കൂടാതെ നവാഗതനായ ജിതിന്‍ ഗോപാലും ചിത്രത്തിന്റെ സംഗീതസംവിധാനം, പശ്ചാത്തലസംഗീതം എന്നിവ നിര്‍വഹിക്കുകയും പ്രൊമോ സോങ്ങ് ഒരുക്കുകയും ചെയ്തിട്ടുണ്ട്.

വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു,സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

CONTENT HIGHLIGHTS: STEPHY XAVIOR ABOUT PAYMENT ISSUE IN CINEMA

We use cookies to give you the best possible experience. Learn more