| Saturday, 5th October 2024, 3:39 pm

സ്ത്രീകള്‍ക്ക് ഹ്യൂമര്‍ ചെയ്യാന്‍ കഴിയില്ലെന്ന ധാരണയെ പൊളിച്ച ചിത്രമാണത്: സ്റ്റെഫി സേവ്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോസ്റ്റ്യൂം ഡിസൈനറായി സിനിമ കരിയര്‍ ആരംഭിച്ച വ്യക്തിയാണ് സ്റ്റെഫി സേവ്യര്‍. കുറഞ്ഞ കാലം കൊണ്ടുതന്നെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കാന്‍ സ്റ്റെഫിക്ക് കഴിഞ്ഞു. സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമാണ് മധുര മനോഹര മോഹം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയത് രജിഷ വിജയനാണ്. കോമഡി ഴോണറിലാണ് സ്റ്റെഫി ചിത്രം ഒരുക്കിയത്.

സ്ത്രീ കേന്ദ്രീകൃതമായ സിനിമ ആയതുകൊണ്ട് തന്നെ എല്ലാവരും സീരിയസ് സബ്ജക്ട് ആയിരിക്കും താന്‍ ചര്‍ച്ച ചെയ്യുക എന്നാണ് വിചാരിച്ചിരുന്നതെന്ന് പറയുകയാണ് സ്റ്റെഫി. സ്ത്രീകള്‍ ഹ്യൂമര്‍ ചെയ്യില്ലെന്ന് പറയാറുണ്ടെന്നും ‘മധുര മനോഹര മോഹം’ കോമഡി ഴോണറില്‍ കൊമേഴ്‌സ്യല്‍ വിജയമുണ്ടാക്കിയ സിനിമയാണെന്നും സ്റ്റെഫി പറയുന്നു.

തനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴചപ്പാടുകള്‍ ഉണ്ടെന്നും എന്നാല്‍ തന്റെ രാഷ്ട്രീയം കുറച്ചാളുകളിലേക്ക് എത്തിക്കാന്‍ വേണ്ടി സിനിമ ചെയ്യില്ലെന്നും സ്റ്റെഫി പറയുന്നു. തന്നെ സംബന്ധിച്ച് പ്രേക്ഷകരെ രസിപ്പിക്കുക എന്നതാണ് പ്രധാനമെന്നും വ്യക്തിപരമായ രാഷ്ട്രീയം പറയാന്‍ വേണ്ടി ഒരു നിര്‍മാതാവിന്റെ പണം മുടക്കുന്നതിനോട് യോജിപ്പില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലില്‍ സംസാരിക്കുകയായിരുന്നു സ്റ്റെഫി സേവ്യര്‍.

‘സ്ത്രീകള്‍ ഹ്യൂമര്‍ ചെയ്യില്ലെന്ന് പറയും. ‘മധുര മനോഹര മോഹം’ കോമഡി ഴോണറില്‍ കൊമേഴ്‌സ്യല്‍ വിജയമുണ്ടാക്കിയ സിനിമയാണ്. ഞാനൊരു സിനിമ ചെയ്യുമ്പോള്‍, നായികാ പ്രാധാന്യമുള്ള സിനിമയായിരിക്കും, സ്ത്രീശാക്തീകരണമായിരിക്കാം തീം എന്നെല്ലാം ആളുകള്‍ ചിന്തിക്കുന്നുണ്ട്.

എനിക്കെന്റെ രാഷ്ട്രീയം ഉണ്ടാകും. എനിക്ക് എന്റേതായ വ്യക്തമായ കാഴ്ചപ്പാടും ഉണ്ടാകും. ഞാന്‍ ചെയ്യുന്ന സിനിമയില്‍ എന്റെ രാഷ്ട്രീയം തിരുകിക്കയറ്റില്ല. എന്റെ രാഷ്ട്രീയം കുറച്ചാളുകളില്‍ എത്തിക്കാന്‍ ഒരു സിനിമ ചെയ്യണമെന്ന് ഞാന്‍ വാശിപിടിക്കില്ല.

എന്നെ സംബന്ധിച്ച് സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്നതാകണം. രാഷ്ട്രീയം പറഞ്ഞുകൊണ്ട് ആളുകളെ രസിപ്പിക്കാന്‍ പറ്റുമെങ്കില്‍ നല്ലതാണ്. അല്ലാതെ, വ്യക്തിപരമായ രാഷ്ട്രീയം പറയാന്‍ ഒരു നിര്‍മാതാവിന്റെ പണം മുടക്കിക്കുന്നതിനോട് യോജിപ്പില്ല,’ സ്റ്റെഫി സേവ്യര്‍ പറയുന്നു.

Content Highlight: Stephy Xavier Talks About Madhura Manohara Moham

Latest Stories

We use cookies to give you the best possible experience. Learn more