താന്‍ ഇതുവരെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവായിട്ടുള്ളത് ബി.ഉണ്ണിക്കൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം ആറാട്ടിനാണെന്ന് കോസ്റ്റ്യൂം ഡിസൈനറും സംവിധായികയുമായ സ്‌റ്റെഫി സേവ്യര്‍. മോഹന്‍ലാലിന്റേത് ഉള്‍പ്പെടാതെ തന്നെ ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ ലക്ഷം രൂപ ആറാട്ടിലെ കോസ്റ്റ്യൂമിന് വേണ്ടി ചിലവായിട്ടുണ്ടെന്ന് സ്‌റ്റെഫി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആറാട്ടില്‍ മോഹന്‍ലാലിന്റെ കുര്‍ത്തകള്‍ ഡിസൈന്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂം ഡിസൈനര്‍ ജിഷാദും കൂടെയുണ്ടായിരുന്നു എന്നും സ്‌റ്റെഫി പറഞ്ഞു.
‘ആറാട്ടിലെ കോസ്റ്റ്യൂമിനാണ് ഏറ്റവും കൂടുതല്‍ പണം ചെലവായിട്ടുള്ളത്. മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഉള്‍പ്പെടുത്താതെ തന്നെ ഇരുപത്തിയഞ്ചോ, ഇരുപത്തിനാലോ ലക്ഷം രൂപ ആറാട്ടിലെ കോസ്റ്റ്യൂമിന് ചെലവായിട്ടുണ്ട്. ആ സിനിമയില്‍ മോഹന്‍ലാലിന്റെ കുര്‍ത്ത ഡിസൈന്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂം ഡിസൈനറും കൂടെയുണ്ടായിരുന്നു. അതിലെ മുണ്ടുകള്‍ കസ്റ്റം മെയ്ഡ് ചെയ്തിട്ടുള്ള ബോര്‍ഡറുകളുള്ളതായിരുന്നു. അത് എം.സി.ആറുമായിട്ടുള്ള ഒരു ടൈഅപ്പില്‍ ചെയ്തതാണ്.
മോഹന്‍ലാലിന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു. വയനാട്ടില്‍ വള്ളിയൂര്‍ക്കാവ് ഉത്സവമുണ്ട്, ഞങ്ങളുടെ തൃശൂര്‍ പൂരമാണത്. അവിടെ സെലിബ്രിറ്റീസിന്റെ ഫോട്ടോ വാങ്ങാന്‍ കിട്ടുമായിരുന്നു. കുട്ടിക്കാലത്ത്, അവിടെ നിന്നും ഞാന്‍ മോഹന്‍ലാലിന്റെ ഫോട്ടോ വാങ്ങി വീട്ടില്‍ കൊണ്ടുപോയി ഒട്ടിച്ചിച്ചിട്ടുണ്ട്. അതിന് മുകളില്‍ എന്റെ ഒരു ഫോട്ടോ മുറിച്ചെടുത്ത് ഒട്ടിച്ചിരുന്നു. ഡിഗ്രി ചെയ്യാന്‍ ബാംഗ്ലൂരില്‍ പോകുന്നത് വരെ ആ ഫോട്ടോ വീട്ടിലുണ്ടായിരുന്നു.
സിനിമയില്‍ വരുന്നതിന് മുമ്പ് ഞാന്‍ പരസ്യങ്ങള്‍ ചെയ്യാറുണ്ടായിരുന്നു. അക്കാലത്ത് എം.സി.ആറിന്റെ പരസ്യങ്ങള്‍ ചെയ്യുമ്പോഴാണ് മോഹന്‍ലാലിനെ ആദ്യമായി നേരിട്ട് കാണുന്നത്. അത് ദൂരെ നിന്ന് കാണുക മാത്രമായിരുന്നു. പക്ഷെ ആറാട്ടിന്റെ സമയത്താണ് അടുത്ത് നിന്ന് കാണുന്നതും മിണ്ടുന്നതുമെല്ലാം. ബി. ഉണ്ണിക്കൃഷ്ണന് അറിയാമായിരുന്നു, ഞാന്‍ മോഹന്‍ലാലിന്റെ വലിയ ഫാന്‍ ആണെന്ന്. അദ്ദേഹം ലാലേട്ടനോട് പറഞ്ഞു, ഇത് സ്റ്റെഫി, നമ്മുടെ കോസ്റ്റ്യൂം ഡിസൈനറാണ്, താങ്കളുടെ വലിയ ആരാധികയാണ് എന്ന്. അപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു, ഞാന്‍ മോഹന്‍ലാല്‍, നടനാണ് എന്ന്. പിന്നെ എനിക്കൊന്നും ഓര്‍മയില്ല,’ സ്‌റ്റെഫി സേവ്യര്‍ പറഞ്ഞു.
വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ള സ്‌റ്റെഫി സേവ്യര്‍ ഇതിനോടകം 90ലധികം സിനിമകള്‍ക്ക് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ 16ന് തിയേറ്ററുകളിലെത്തുന്ന മധുരമനോഹരമോഹമാണ് സ്‌റ്റെഫി ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഷറഫുദ്ദീന്‍, രജിഷ വിജയന്‍, സൈജുകുറുപ്പ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.