| Wednesday, 21st June 2023, 6:57 pm

ജാതി വ്യവസ്ഥയെ ട്രോളുന്ന പടം തന്നെയാണ്,പുരോഗമനം പറഞ്ഞാലും മറ്റൊരു ജാതിയിൽപ്പെട്ട ആളെ കൊണ്ടുവന്നാൽ വീട്ടുകാർക്ക് പൊള്ളും: സ്റ്റെഫി സേവ്യർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മധുര മനോഹര മോഹം എന്ന ചിത്രം ജാതി വ്യവസ്ഥയെ ട്രോളുന്ന ചിത്രമാണെന്ന് സംവിധായിക സ്റ്റെഫി സേവ്യർ. ചിത്രം ജാതി പൊളിറ്റിക്സ് പറയുന്നില്ലെന്നും തന്റെ ജീവിതത്തിൽ പലയിടങ്ങളിലായി കണ്ടിട്ടുള്ള കാര്യങ്ങളാണ് സിനിമയിൽ കാണിച്ചിരിക്കുന്നതെന്നും സ്റ്റെഫി പറഞ്ഞു. സിനിമയുടെ ഭാഗമായുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു സ്റ്റെഫി.

‘ജാതി വ്യവസ്ഥയെ ട്രോളുക എന്ന ഉദ്ദേശം തന്നെയാണ് ഈ സിനിമയുടെ ലക്ഷ്യം. ജാതി പറയുന്ന രീതി എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. ചിലപ്പോൾ എന്റെ വീടിന്റെ അപ്പുറത്തോ അല്ലെങ്കിൽ അതിന്റെ അപ്പുറത്തോ ഇതൊക്കെ ഉണ്ടാകും. നമ്മളൊക്കെ പുരോഗമനം പറയുമെങ്കിലും നാളെ വേറൊരു ജാതിയിലോ മതത്തിലോ പെട്ട ആളെ കൊണ്ടുവരുമ്പോൾ നമ്മുടെയൊക്കെ വീട്ടുകാർക്ക് ചെറുതായിട്ടൊന്ന് പൊള്ളും. പുരോഗമനം പറയുമ്പോൾ നമ്മളെക്കുറിച്ച് പറയണ്ട മറ്റുള്ളവരെ ഉദാഹരണമാക്കി പറഞ്ഞാൽ മതി എന്നൊരു കാഴ്ചപ്പാടാണ് എല്ലാവർക്കും,’ സ്റ്റെഫി പറഞ്ഞു.

അഭിമുഖത്തിൽ ജാതി വ്യവസ്ഥ ഇന്നും നിലനിൽക്കുന്നുണ്ടെന്നും ഈ ചിത്രം ജാതി പൊളിറ്റിക്സ് പറയുന്നില്ലെന്നും സ്റ്റെഫി പറഞ്ഞു.

‘ജാതി വ്യവസ്ഥ ഇന്നും നിലനിൽക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷെ ഈ ചിത്രം ജാതി പൊളിറ്റിക്സ് പറയുന്നില്ല. ഒരു സറ്റയർ രൂപത്തിൽ പ്രധാന കണ്ടന്റിനെ ജാതിവ്യവസ്ഥയുടെ മുകളിൽ പ്ലെയിസ് ചെയ്തുകൊണ്ടുള്ള ചെറിയ ചെറിയ ട്രോളലാണ്‌ ഈ ചിത്രം. അത് ആളുകളിലേക്ക് എത്തിയെന്നും എനിക്ക് തോന്നുന്നുണ്ട്.

യഥാർത്ഥ ജീവിതത്തിൽ നിലനിൽക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്, ചിലതൊക്കെ ഞാൻ കണ്ടിട്ടും ഉണ്ട്. അത് എല്ലാ വീടുകളിലും ഉണ്ടെന്ന് ഞാൻ പറയുന്നില്ല ചില സ്ഥലങ്ങളിൽ ഇപ്പോഴും ഉണ്ട്. പലയിടങ്ങളിലും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമാണ് ഇതിൽ ഉള്ളത്,’ സ്റ്റെഫി സേവ്യർ പറഞ്ഞു.

രജിഷ വിജയനെ നായികയാക്കി സ്റ്റെഫി ഒരുക്കിയ മധുര മനോഹര മോഹം തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. രജിഷക്ക് പുറമേ ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, സൈജു കുറുപ്പ്, ആര്‍ഷ ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: Stephy Xavier on MAdhura Manohara Moham

We use cookies to give you the best possible experience. Learn more