2016ലെ മികച്ച കോസ്റ്റ്യൂം ഡിസൈനിങ്ങിനുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് ഗപ്പി. ചിത്രത്തിന്റെ സ്റ്റൈലിസ്റ്റും സംവിധായികയുമായ സ്റ്റെഫി സേവ്യർ തന്റെ ഗപ്പി ഓർമകളും ഒപ്പം തന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമായ മധുര മനോഹര മോഹത്തിന്റെ വിശേഷങ്ങളും പങ്കുവെക്കുകയാണ്.
ഗപ്പി എന്ന ചിത്രത്തിൽ ടൊവിനോ ഉപയോഗിച്ച പാന്റ് താൻ പെൺകുട്ടികളുടെ സ്കർട്ടിൽ നിന്നും നിര്മിച്ചെടുത്തതാണെന്ന് സ്റ്റെഫി പറഞ്ഞു. താൻ നിർമിച്ച വസ്ത്രങ്ങളിൽ ഏറ്റവും ഇഷ്ടം ആ ഡ്രസ്സ് ആണെന്നും സ്റ്റെഫി പറഞ്ഞു. സിനിമ ഡാഡി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റെഫി.
‘ഗപ്പി എന്ന ചിത്രത്തിൽ ടൊവിനോയുടെ ഇൻട്രോ സീനിൽ ഇടുന്ന ഡ്രസ്സ് ഒരിക്കലും മറക്കാനാകില്ല. ടൊവിനോയുടെ കഥാപാത്രം വളരെ മിസ്റ്റീരിയസ് ആയിട്ടുള്ള ആളാണെന്നും ഒരുപാട് നാടുകൾ സഞ്ചരിച്ച് എവിടുന്നോ വരുന്ന ആളാണെന്നുമാണ് കോസ്റ്റ്യൂം ചെയ്യുന്നതിന് മുൻപ് എന്നോട് പറഞ്ഞത്.
ഇൻട്രോയിൽ പുള്ളി ഇട്ടിരിക്കുന്നത് ഒരു മൾട്ടി കളർ, രാജസ്ഥാനി പ്രിന്റഡ് മെറ്റീരിയൽ ആണ്. അന്ന് ഈ പാന്റ് എങ്ങും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇത് എല്ലായിടത്തും കിട്ടും. ഈ പാന്റ് ഞാൻ പെൺകുട്ടികളുടെ രാജസ്ഥാനി പ്രിന്റഡ് സ്കർട്ട് മുറിച്ചിട്ട് ഉണ്ടാക്കിയതാണ്. അതിലുള്ള ചെരുപ്പ് ഞാൻ ബെംഗളൂരുവിലുള്ള കൊമേർഷ്യൽ സ്ട്രീറ്റിൽ നിന്നും വാങ്ങിയതാണ്. ടൊവിനോ ഇട്ടിരിക്കുന്ന കുർത്ത ആ സിനിമക്ക് വേണ്ടി ചെയ്തതാണ്. എനിക്ക് വളരെ ഇഷ്ടമുള്ളൊരു കോസ്റ്റ്യൂമാണ് അത്. പുള്ളി അതിട്ടിട്ട് കാണാനും നല്ല ഭംഗി ഉണ്ടായിരുന്നു. ഞാൻ ചെയ്തിട്ട് വളരെ ഭംഗിയുണ്ടെന്ന് തോന്നിയിട്ടുള്ള വസ്‌ത്രവും അതാണ്,’ സ്റ്റെഫി പറഞ്ഞു.
‘ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി’ എന്ന ചിത്രത്തിനുവേണ്ടി ഒരുക്കിയ കോസ്റ്റ്യുമുകൾക്ക് ധാരാളം പ്രശംസകൾ ലഭിച്ചിട്ടുണ്ടെന്നും തനിക്ക് അവസരം നൽകിയ സംവിധായകർ തന്നെ വീണ്ടും വർക്കിന് വിളിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും സ്റ്റെഫി പറഞ്ഞു.
‘ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്ന ചിത്രത്തിലെ കോസ്റ്റ്യൂമുകൾ എല്ലാവർക്കും ഇഷ്ട്ടമായി. അത് കണ്ടിട്ട് ഒരുപാട് ആളുകൾ വിളിച്ചിട്ടുണ്ടായിരുന്നു. അതുപോലെ തന്നെ എസ്ര എന്ന ആചിത്രത്തിലെ കോസ്റ്റ്യൂമുകളും എല്ലാവര്ക്കും ഇഷ്ടമായിരുന്നു. ഓരോ വസ്ത്രങ്ങളും ചെയ്യുമ്പോൾ ആർട്ടിസ്റ്റുകൾ ഒരുപാടുപേർ നല്ലതാണെന്നൊക്കെ പറയാറുണ്ട്.
വർക്കിന് വിളിച്ച സംവിധായകർ തന്നെ വീണ്ടും അവരുടെ അടുത്ത വർക്കിന് വിളിക്കാറുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണ്. ഫ്രൈഡേ ഫിലിംസ്, ഇ ഫോർ എന്റർടൈൻമെന്റ്, ഓഗസ്റ്റ് സിനിമാസ് ഇവരൊക്കെ തുടരേ തുടരേ വർക്കുകൾ തരാറുണ്ട്,’ സ്റ്റെഫി പറഞ്ഞു.
മധുര മനോഹര മോഹമാണ് സ്റ്റെഫി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദീന്‍, ബിന്ദു പണിക്കര്‍ എന്നിവരാണ് മധുര മനോഹര മോഹത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വിജയ രാഘവന്‍, സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Content Highlights: Stephy Xavier on Guppy movie costume