കാലിഫോര്‍ണിയ: ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ മേധാവി സ്ഥാനം ഏറ്റെടുത്തത് മുതല്‍ കാര്യങ്ങളെല്ലാം മൊത്തത്തില്‍ എയറിലായ അവസ്ഥയാണ്.
കരാറുണ്ടാക്കിയിട്ടും ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയത് മുതല്‍ ട്വിറ്റര്‍ മേധാവിയായി ഒരാഴ്ച പിന്നിടുന്ന ഈ സമയം വരെ വിവിധ കാരണങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ് മസ്‌കും ഒപ്പം ട്വിറ്ററും.
ഇതില്‍ ഏറ്റവും ഒടുവിലെ കാര്യമാണ് ട്വിറ്ററിലെ ബ്ലൂടിക് അക്കൗണ്ടുകള്‍ക്ക് പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള മസ്‌കിന്റെ നീക്കവും അതിന് വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളും. വെരിഫൈഡ് ബ്ലൂടിക്ക് അക്കൗണ്ട് ഉടമകള്‍ക്ക് മേല്‍ അത് നിലനിര്‍ത്താന്‍ വേണ്ടി മാസംതോറും ഒരു തുക ചാര്‍ജായി ഈടാക്കുന്ന സംവിധാനം ഉടന്‍ കൊണ്ടുവരാനാണ് മസ്‌കിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് അഞ്ച് ഡോളറായിരിക്കുമെന്നും 20 ഡോളറായിരിക്കുമെന്നുമൊക്കെയാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
വിഖ്യാത അമേരിക്കന്‍ എഴുത്തുകാരനും ഷോഷാന്‍ക് റിഡംപ്ഷന്‍ അടക്കമുള്ള സിനിമകളുടെ തിരക്കഥാകൃത്തുമായ സ്റ്റീഫന്‍ കിങ് മസ്‌കിന്റെ നീക്കത്തിനെതിരെ ട്വിറ്ററിലൂടെ തന്നെ പ്രതികരിച്ചിരിക്കുകയാണ്.
”എന്റെ ബ്ലൂ ചെക്ക് നിലനിര്‍ത്താന്‍ മാസംതോറും 20 ഡോളറോ? അവര്‍ എനിക്കാണ് പണം തരേണ്ടത്. ഇത് നടപ്പിലാവുകയാണെങ്കില്‍ ഞാന്‍ എന്റോണിനെപ്പോലെ ഇല്ലാതായിപ്പോകും,” എന്നാണ് സ്റ്റീഫന്‍ കിങ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
$20 a month to keep my blue check? Fuck that, they should pay me. If that gets instituted, I’m gone like Enron.
— Stephen King (@StephenKing) October 31, 2022
ഇതിന് മസ്‌ക് നല്‍കിയിരിക്കുന്ന മറുപടി കമന്റും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നുണ്ട്.
”നമുക്ക് എങ്ങനെയെങ്കിലും ബില്ലുകള്‍ അടച്ചേ മതിയാകൂ. ട്വിറ്ററിന് പൂര്‍ണമായും പരസ്യദാതാക്കളെ ആശ്രയിക്കാന്‍ കഴിയില്ല. എട്ട് ഡോളര്‍ എന്നത് എങ്ങനെ, സ്വീകാര്യമാണോ?” എന്നാണ് സ്റ്റീഫന്‍ കിങ്ങിന്റെ ട്വീറ്റിന് മസ്‌ക് നല്‍കിയിരിക്കുന്ന റിപ്ലൈ.
We need to pay the bills somehow! Twitter cannot rely entirely on advertisers. How about $8?
— Elon Musk (@elonmusk) November 1, 2022
”ഇത് നടപ്പിലാക്കുന്നതിന് മുമ്പ് ഞാന്‍ കാര്യങ്ങള്‍ യുക്തിസഹമായ രൂപത്തില്‍ വിശദീകരിക്കും. ബോട്‌സിനെയും ട്രോളുകളെയും പരാജയപ്പെടുത്താനുള്ള ഒരേയൊരു മാര്‍ഗമാണിത്,” എന്നും മസ്‌ക് കമന്റ് ചെയ്തിട്ടുണ്ട്.
എന്തൊക്കെയായാലും കാര്യങ്ങള്‍ ഇപ്പോള്‍ മൊത്തത്തില്‍ എയറിലാണ്.
അതിനിടെ ട്വിറ്ററിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെയും മസ്‌ക് പിരിച്ചുവിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതോടെ ഡയറക്ടര്‍ ബോര്‍ഡിലെ ഏക അംഗമായി, ഒരേയൊരു ഡയറക്ടറായി മസ്‌ക് മാറിയിരിക്കുകയാണ്.
യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് കമ്പനി തിങ്കളാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാകുന്നത്.
44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ അക്ഷരാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ‘ഏകാധിപതി’യായി മാറിയിരിക്കുകയാണ് മസ്‌ക്. ട്വിറ്ററിന്റെ പൂര്‍ണനിയന്ത്രണം നിലവില്‍ മസ്‌കിന്റെ കൈകളിലാണ്.
എന്നാല്‍ ബോര്‍ഡ് സജ്ജീകരണങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്ന് പ്രതികരിച്ച മസ്‌ക് പക്ഷെ വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല.
സ്‌പേസ്ഫ്‌ളൈറ്റ് കമ്പനിയായ സ്‌പേസ് എക്‌സിന്റെയും (SpaceX) ന്യൂറോടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ന്യൂറാലിങ്കിന്റെയും (Neuralink) മേധാവിയായ മസ്‌ക് ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ട്വിറ്ററിന്റെ മേധാവിയായി ചുമതലയേറ്റത്. മേധാവി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വിറ്ററില്‍ അടിമുടി അഴിച്ചുപണികള്‍ നടത്തുകയാണ്. ട്വിറ്ററിന്റെ തലപ്പത്തിരുന്നവരെ പുറത്താക്കി കൊണ്ടാണ് ഇലോണ്‍ മസ്‌ക് തന്റെ അധികാരം ഉപയോഗിച്ച് തുടങ്ങിയത്.
ട്വിറ്റര്‍ സി.ഇ.ഒയായിരുന്ന ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാള്‍, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍ എന്നിവരുള്‍പ്പെടെയുള്ളവരെയായിരുന്നു മസ്‌ക് പുറത്താക്കിയത്. ലീഗല്‍ പോളിസി മേധാവി, ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എന്നിവരെ കൂടി സ്ഥാനത്ത് നിന്നും മസ്‌ക് നീക്കിയതായി വാഷിങ്ടണ്‍ പോസ്റ്റും സി.എന്‍.ബി.സിയുമടക്കമുള്ള യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് ട്വിറ്ററിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സി പുതിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം തുടങ്ങാന്‍ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ബ്ലൂ സ്‌കൈ (Bluesky) എന്ന പുതിയ ആപ്പ് പരീക്ഷണ ഘട്ടത്തിലാണെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇലോണ്‍ മസ്‌കിനോടുള്ള വിയോജിപ്പ് കാരണമാണ് ഡോര്‍സി ഈ നീക്കം നടത്തുന്നതെന്നാണ് സൂചന. നിലവില്‍ ആപ്പ് ബീറ്റ ടെസ്റ്റിങ് സ്റ്റേജിലാണ്.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്നയാളായിരുന്നു ജാക്ക് ഡോര്‍സി.
മസ്‌കിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്ത ട്വിറ്ററിലെ നിരവധി തൊഴിലാളികള്‍ നേരത്തെ തന്നെ രാജിവെച്ചിരുന്നു.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന്റെ നടപടികള്‍ ആദ്യം അതിവേഗത്തില്‍ നീങ്ങിയിരുന്നെങ്കിലും പിന്നീട് മസ്‌ക് ഇതില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചിരുന്നു. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാല്‍ പരാഗ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ നിയമപോരാട്ടം ആരംഭിക്കുകയും ഒടുവില്‍ മസ്‌കിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയുകയുമായിരുന്നു.
പിന്നാലെ, കരാറില്‍ നിന്നും പിന്മാറാനാവില്ലെന്നും ട്വിറ്റര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നുമുള്ള കോടതി വിധി വന്നതോടെയാണ് മസ്‌ക് ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ലോകത്തെ അതിസമ്പന്നനായ വ്യക്തിയുടെ കീഴില്‍ ട്വിറ്റര്‍ വരുന്നതില്‍ വിവിധ കോണുകളില്‍ നിന്ന് ആശങ്കയും വിമര്‍ശനവും ഉയരുന്നുണ്ട്. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ വിലക്ക് മസ്‌ക് എടുത്തുകളയുമെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്.
മസ്‌കിന്റെ അടുത്തനീക്കം എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ ടെക്- ബിസിനസ് ലോകം ഉറ്റുനോക്കുന്നത്.
Content Highlight: Stephen King and Elon Musk tweet and reply tweets gone viral