'ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെക്കാള്‍ മഹത്തരമായൊരു സിദ്ധാന്തം വേദങ്ങളിലുണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു'; വിചിത്രവാദവുമായി കേന്ദ്ര ശാസ്ത്ര മന്ത്രി
National
'ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെക്കാള്‍ മഹത്തരമായൊരു സിദ്ധാന്തം വേദങ്ങളിലുണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു'; വിചിത്രവാദവുമായി കേന്ദ്ര ശാസ്ത്ര മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th March 2018, 9:27 pm

ഇംഫാല്‍: ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തെക്കാള്‍ മഹത്തരമായൊരു സിദ്ധാന്തം വേദങ്ങളിലുണ്ടെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍ അവകാശപ്പെട്ടു. ഇംഫാലില്‍ നടക്കുന്ന 105ാം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു പ്രശസ്ത പ്രാപഞ്ചിക ശാസ്ത്രജ്ഞന്‍- സ്റ്റീഫന്‍ ഹോക്കിങ്ങിനെ നമുക്ക് നഷ്ടപ്പെട്ടു. e=mc^2 എന്ന ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തിനേക്കാള്‍ മഹത്തരമായൊരു സിദ്ധാന്തം നമ്മുടെ വേദങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു,” ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

എന്നാല്‍ ഈ അവകാശവാദത്തിന്റെ സ്രോതസ്സ് വ്യക്തമാക്കാന്‍ സഭയിലുള്ളവര്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതവരോട് തന്നെ കണ്ടെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. “സ്രോതസ്സ് നിങ്ങള്‍ തന്നെ കണ്ടെത്തൂ. ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെക്കാള്‍ മഹത്തരമായൊന്ന് വേദങ്ങളിലുണ്ടാകാനുള്ള സാധ്യതയുള്ളതായി സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. സ്രോതസ്സ് കണ്ടെത്താന്‍ നിങ്ങള്‍ പരിശ്രമിക്കൂ”, അദ്ദേഹം ആവശ്യപ്പെട്ടു. ഈ ഉദ്യമത്തില്‍ പരാജയപ്പെട്ടാല്‍ ദല്‍ഹിയിലേക്ക് അദ്ദേഹത്തെ കാണാന്‍ വന്നാല്‍മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read : ചേരിക്ക് മോദിയുടെ പേരിട്ടതിന് വൃദ്ധന്റെ ശിരസ്സറുത്തു


പല അവകാശവാദങ്ങളെകൊണ്ട് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മുമ്പും ശാസ്ത്ര സമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. മുംബൈയിലെ 102ാമത് കോണ്‍ഗ്രസിലെ “7,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നു എന്നും അതുവഴി രാജ്യങ്ങളിലേക്കും ഗ്രഹങ്ങളിലേക്കും യാത്ര ചെയ്തിരുന്നു” എന്ന അവകാശവാദം ഉദാഹരണമാണ്.

ഇന്ത്യയിലേയും വിദേശങ്ങളിലേയും വിദ്യാര്‍ത്ഥികളേയും വിദഗ്ധരേയും ശാസ്ത്രജ്ഞരേയും പങ്കെടുപ്പിച്ച് നടത്തിവരുന്ന വാര്‍ഷിക ശാസ്ത്ര കാര്‍ണിവലാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്.


Also Read: പശുസംരക്ഷണത്തിന്റെ പേരില്‍ കൊല: ബി.ജെ.പി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 11 പേര്‍ കുറ്റക്കാരെന്ന് ഝാര്‍ഖണ്ഡ് കോടതി; ശിക്ഷ ഈ മാസം 20-ന്