അവന്‍ ശക്തമായ പേസ് നിലനിര്‍ത്തുന്നുണ്ട്, ടീമിന് വേണ്ടി അവന് പ്രധാന പങ്ക് വഹിക്കാനാകും; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് സ്റ്റീഫന്‍ ഫ്‌ളെമ്മിങ്
Sports News
അവന്‍ ശക്തമായ പേസ് നിലനിര്‍ത്തുന്നുണ്ട്, ടീമിന് വേണ്ടി അവന് പ്രധാന പങ്ക് വഹിക്കാനാകും; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് സ്റ്റീഫന്‍ ഫ്‌ളെമ്മിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th June 2024, 4:30 pm

ടി-20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ മത്സരം അരങ്ങേറുന്നത്.

ബൗളര്‍മാരെ പിന്തുണക്കുന്ന പിച്ചില്‍ എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മത്സരത്തിന് മുന്നോടിയായി മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുഖ്യ പരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ളെമ്മിങ് ശിവം ദുബയെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരുന്നു.

‘ശക്തമായ പേസ് നിലനിര്‍ത്തിക്കൊണ്ട് ദുബെ മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്നു. സ്ലോ പിച്ചിലെ ശരിയായ സാഹചര്യങ്ങളില്‍ വേഗതയില്‍ വ്യത്യാസം വരുത്താനും കട്ടറുകള്‍ ഉപയോഗിക്കാനുമുള്ള അവന്റെ കഴിവ് അവനെ ഒരു തന്ത്രശാലിയായ എതിരാളിയാക്കും. തന്റെ കഴിവുകള്‍ വികസിപ്പിക്കാന്‍ അവന്‍ കഠിനമായി പരിശ്രമിച്ചു, ഉറപ്പായും അവന് ടീമിനായി ഒരു പ്രധാന പങ്ക് വഹിക്കാനാകും,’ അദ്ദേഹം തുടര്‍ന്നു.

ഐ.പി.എല്‍ 2024ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ശിവം തന്റെ ബൗളിങ് കഴിവുകള്‍ മെച്ചപ്പെടുത്തിയെന്നും ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമില്‍ ഓള്‍റൗണ്ടര്‍ക്ക് മികച്ച രീതിയില്‍ ബൗള്‍ ചെയ്യാനും സാധിക്കുമെന്നാണ് സ്റ്റീഫന്‍ പറഞ്ഞു.

2007ല്‍ എം.എസ്. ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ടി-20 ലോകകപ്പിന് മുന്നോടിയായി ജൂണ്‍ ഒന്നിന് നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 60 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ശിവം ദുബെ 16 പന്തില്‍ ഒരു സിക്‌സര്‍ അടക്കം 14 റണ്‍സാണ് നേടിയത്.

 

 

Content Highlight: Stephen Fleming Talking About Shivam Dube