| Saturday, 1st April 2023, 11:08 am

ധോണിയെ പറ്റി പ്രചരിക്കുന്നത് വ്യാജവാർത്ത; പ്രതികരിച്ച് സി.എസ്.കെ പരിശീലകൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് വീണ്ടും തുടക്കമായിരിക്കുകയാണ്. പതിനാറാം പ്രീമിയർ ലീഗ് സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു.

എന്നാൽ ചെന്നൈയുടെ നായകനായ ധോണിയെ പറ്റി പ്രചരിക്കുന്ന ചില വാർത്തകൾ വ്യാജമാണെന്നും അത്തരം വാർത്തകൾ ആരാണ് നിർമിക്കുന്നത് എന്ന് അറിയില്ലെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്‌.

ധോണി പരിക്ക് മൂലം വിശ്രമിക്കും എന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫ്ലെമിങ്‌.
മുട്ടിന് ഏറ്റ പരിക്ക് മൂലം ധോണി വിശ്രമിക്കുമെന്നായിരുന്നു പ്രചരിക്കുന്ന വാർത്തകൾ.

മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് ധോണിയെ പറ്റി പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഫ്ലെമിങ്‌ തുറന്ന് പറഞ്ഞത്.
“ധോണി മത്സരിക്കുന്നുണ്ട്. അദ്ദേഹം കളിക്കുന്നില്ല എന്ന തരത്തിൽ പ്രചരിക്കുന്ന കഥകളൊക്കെ എവിടുന്ന് വരുന്നു എന്നത് സംബന്ധിച്ച് എനിക്ക് സംശയമുണ്ട്.

അദ്ദേഹത്തിന് സീസണിന് മുമ്പേ തന്നെ മുട്ടിൽ ചെറിയ രീതിയിലുള്ള പരിക്കുണ്ട്. പക്ഷെ അത് അത്ര സാരമാക്കാനുള്ളതല്ല. അദ്ദേഹം 15 കൊല്ലം മുമ്പ് കളിച്ച രീതിയിലല്ല ഇപ്പോൾ കളിക്കുന്നത് എന്നത് സത്യമാണ്. പക്ഷെ ഇപ്പോഴും അദ്ദേഹം മികച്ച ഒരു ലീഡറാണ്. ബാറ്റ് കൊണ്ട് അദ്ദേഹം ഇപ്പോഴും നേട്ടം കൊയ്യുന്നുണ്ട്,’ ഫ്ലെമിങ്‌ പറഞ്ഞു.

“അദ്ദേഹത്തിന് തന്റെ പോരായ്മകൾ നന്നായി അറിയാം. ഫീൽഡിങിൽ അദ്ദേഹം ഇപ്പോഴും മൂല്യമേറിയ താരമാണ്. അദ്ദേഹം ഒരു ഇതിഹാസ താരമല്ലെന്ന് ആർക്ക് പറയാൻ കഴിയും,’ ഫ്ലെമിങ്‌ കൂട്ടിച്ചേർത്തു.

കൂടാതെ ധോണിയെ പറ്റി പ്രചരിക്കുന്നത് പലതും തെറ്റായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പഞ്ചാബും കൊൽക്കത്തയും തമ്മിലാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്തതായി ഏറ്റുമുട്ടുന്നത്.

ഏപ്രിൽ ഒന്നിനാണ് മത്സരം. ലഖ്നൗവും ദൽഹിയും തമ്മിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ അന്നേ ദിവസം മത്സരമുണ്ട്.

Content Highlights:Stephen Fleming said some news about ms dhoni is fake

Latest Stories

We use cookies to give you the best possible experience. Learn more