ആവോളം അധികാരം ആസ്വദിച്ചല്ലോ, ഒന്ന് മനസ് വെച്ചാൽ ശിവകുമാറിന് മുഖ്യമന്ത്രിയാകാം; സിദ്ധരാമയ്യയോട് വിശ്വ വൊക്കലിഗ മഹാ സമസ്താന മഠാതിപതി
national news
ആവോളം അധികാരം ആസ്വദിച്ചല്ലോ, ഒന്ന് മനസ് വെച്ചാൽ ശിവകുമാറിന് മുഖ്യമന്ത്രിയാകാം; സിദ്ധരാമയ്യയോട് വിശ്വ വൊക്കലിഗ മഹാ സമസ്താന മഠാതിപതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2024, 9:28 am

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കർണാടകയിൽ മുഖ്യമന്ത്രി കസേരക്ക് വേണ്ടിയുള്ള പോര് മുറുകുന്നു. ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ വൊക്കലിഗ നേതാവ് ഡി.കെ ശിവകുമാറിന് വേണ്ടി സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയണമെന്ന് വിശ്വ വൊക്കലിഗ മഹാ സമസ്താന മഠാതിപതി ചന്ദ്രശേഖരനാഥ സ്വാമി പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രി കസേരക്ക് വേണ്ടിയുള്ള ചർച്ചകൾ പുറത്തു വന്നത്.

Also Read: എന്റെ ജീവിതത്തിൽ ഉപ്പയെയും ഉമ്മയെയും പോലെ പ്രാധാന്യമുള്ള സംവിധായകനാണ് അദ്ദേഹം: ആസിഫ് അലി

കെംപഗൗഡ ജയന്തി ദിനത്തിൽ ബെംഗളൂരുവിൽ നടന്ന ചടങ്ങിലാണ് സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിൻ്റെയും സാന്നിധ്യത്തിൽ വിശ്വ വൊക്കലിഗ മഹാ സമസ്താന മഠാതിപതി ഈ ആവശ്യം ഉന്നയിച്ചത്.

ഡി.കെ. ശിവകുമാറിനെ കൂടാതെ വീര ശൈവ ലിംഗായത്ത്,എസ്.സി.എസ്.ടി, ന്യൂന പക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന് ക്യാമ്പിൽ നിന്ന് ആവശ്യമുയർന്നതിനു പിന്നാലെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് വൊക്കലിഗ മഠാതിപതി ആവശ്യമുന്നയിച്ചത്.

‘എല്ലാവരും മുഖ്യമന്ത്രിയായി, അധികാരം ആസ്വദിച്ചു. പക്ഷേ, നമ്മുടെ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായിട്ടില്ല. അതിനാൽ, സിദ്ധരാമയ്യ ഭാവിയിൽ നമ്മുടെ ഡി.കെ. ശിവകുമാറിന് അധികാരം വിട്ടുകൊടുക്കണമെന്നാണ് അഭ്യർത്ഥന. അദ്ദേഹത്തെ അനുഗ്രഹിക്കൂ. സിദ്ധരാമയ്യ മനസ് വെച്ചാൽ മാത്രമേ ഇത് സംഭവിക്കൂ, അല്ലാത്തപക്ഷം അത് നടക്കില്ല. അതിനാൽ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഞാൻ സിദ്ധരാമയ്യയോട് അഭ്യർത്ഥിക്കുന്നു.’ ചന്ദ്രശേഖരനാഥ സ്വാമി പറഞ്ഞു.

ഇവിടെയുള്ളത് ജനാധിപത്യമാണെന്നും കോൺഗ്രസ് ഒരു ഹൈക്കമാൻഡ് പാർട്ടിയാണെന്നും ഹൈക്കമാൻഡ് പറയുന്നതെന്തും ഞങ്ങൾ അനുസരിക്കുമെന്നുമായിരുന്നു സിദ്ധരാമയ്യ ഇതിനോട് പ്രതികരിച്ചത്.

പ്രശസ്ത വൊക്കലിഗ മടങ്ങളായ അദി ചുഞ്ച നഗിരി മഠത്തിലെ നിർമ്മലാനന്ദ സ്വാമി, സപ്തികാപുരി മഠത്തിലെ നഞ്ചവധൂത സ്വാമി തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ വടം വലികൾ നടന്നിരുന്നു. ഒടുവിൽ ഹൈക്കമാന്റിന്റെ ഒത്തു തീർപ്പ് ഫോർമുലയിലാണ് സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി സ്ഥാനവും ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകിയത്.

Content Highlight: Step Down, Make Way For DK Shivakumar,’ Vokkaliga Seer Urges Siddaramaiah