റോം: തെരുവില്‍ കഴിയുന്നവര്‍ വിശപ്പ് സഹിക്കാനാവാതെ ഭക്ഷണം മോഷ്ടിച്ചാല്‍ അതിനെ കുറ്റമായി കാണാനാവില്ലെന്ന് ഇറ്റലിയിലെ പരമോന്നത കോടതി വിധിച്ചിരിക്കുന്നു. ഉക്രൈയ്ന്‍ പൗരനായ റോമന്‍ ഒസ്ട്രിക്കോവിന് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ അസാധുവാക്കി കൊണ്ടാണ് പരമോന്നത കോടതി ഉത്തരവ്. കേസില്‍ പ്രതിയെ നിരുപാധികം വിട്ടയച്ചു.
വടക്കന്‍ ഇറ്റലിയിലെ ജനോവയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 4.07 യൂറോ വില വരുന്ന കുറച്ച് ചീസും സോസേജും മോഷ്ടിച്ചതിനാണ് ഒസ്ട്രിയാക്കോവിനെ പിടികൂടിയത്. കുറ്റവാളിയെന്ന് കണ്ടെത്തുകയും ആറ് മാസം തടവ് ശിക്ഷയും 100 യൂറോ പിഴയും കീഴ്‌ക്കോടതി വിധിച്ചു.
സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ വിധിക്കെതിരെ പരമോന്നത കോടതിയില്‍ അപ്പീല്‍ പോയപ്പോഴാണ് സുപ്രധാന വിധി ഉണ്ടായത്. ” പ്രതിയുടെ അപ്പോഴത്തെ അവസ്ഥയും പരിതസ്ഥിതിയും പരിഗണിച്ച് വിശപ്പടക്കാന്‍ അല്‍പം ഭക്ഷണം മോഷ്ടിച്ചത് കുറ്റകരമായി കാണാന്‍ കഴിയില്ല”. വീടില്ലാത്തവര്‍ വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിച്ചാല്‍ അത് കുറ്റമായി പരിഗണിക്കാനാവില്ലെന്നും മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ച് കോടതി പറഞ്ഞു.