| Sunday, 2nd November 2014, 12:44 pm

ആദിവാസികളുടെ പാദങ്ങള്‍ ചുംബിച്ച് വിദ്യാര്‍ത്ഥികളുടെ നില്‍പ്പ് സമര ഐക്യദാര്‍ഢ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നില്‍പ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ചുംബന സമരം. സെക്രട്ടറിയേറ്റ് നടയില്‍ നില്‍പ്പ് സമരം നടത്തുന്ന ആദിവാസികളുടെ പാദങ്ങള്‍ ചുംബിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

കൊച്ചി തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ മാധ്യമ വിദ്യാര്‍ത്ഥികളാണ് വ്യത്യസ്തമായ ഒരു ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. 30 ഓളം വിദ്യാര്‍ത്ഥികളാണ് ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

കൊച്ചിയില്‍ നടക്കുന്ന ചുംബന സമരത്തിന് പ്രാധാന്യം നല്‍കുന്ന മാധ്യമങ്ങള്‍ നില്‍പ് സമരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് നല്‍കാത്തതിനെ വിദ്യാര്‍ത്ഥികള്‍ വിമര്‍ശിച്ചു. അത്തരം വിഷയങ്ങളിലേക്ക് മാധ്യമശ്രദ്ധ കൊണ്ടുവരുന്നതിനാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ ചുംബന സമരം നടത്തുന്നതെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ചുംബന സമരത്തിനെ തങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെന്നും അത് നില്‍പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാവട്ടെയെന്നും വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ചുംബനത്തിന് അര്‍ഹരായവര്‍ ഇവര്‍ തന്നെയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

നില്‍പ്പ് സമരത്തോട് എങ്ങനെ വേണമെങ്കിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്ന് സമരനേതാവ് സി.കെ. ഞാനു പറഞ്ഞു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ ഇത്തരം സമരങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് കഴിഞ്ഞകാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ ഈ സമരത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more