മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിന് ശേഷം ഉദ്ദവ് താക്കറേ നേരിടുന്ന ഭരണപരമായ വലിയ വെല്ലുവിളിയാണ് കൊവിഡ് 19 വ്യാപനം. അധികാരത്തില്‍ എത്തി രണ്ട് മാസങ്ങള്‍ പിന്നിടുമ്പോഴാണ് മഹാരാഷ്ട്രയില്‍ ആദ്യ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ആദ്യ കേസ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനത്തെ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആരോപണം സഖ്യസര്‍ക്കാരിനോ ഉദ്ദവ് താക്കറേക്കൊ നേരിടേണ്ടി വന്നിട്ടില്ല. കൊവിഡ് 19 വ്യാപനത്തെ തടയുന്നതും അല്ല ഉദ്ദവ് താക്കറേയെ ഇപ്പോള്‍ ഭയപ്പെടുത്തുന്നത്. അത് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുക എന്ന കാര്യമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നവംബര്‍ 28നാണ് മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറേ അധികാരമേല്‍ക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എയാവാതെയാണ് ഉദ്ദവ് മുഖ്യമന്ത്രിയായത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പ്രകാരം ഒരു മന്ത്രിയോ മുഖ്യമന്ത്രിയോ എം.എല്‍.എയല്ലാതെയാണ് സ്ഥാനം ഏറ്റെടുക്കുന്നതെങ്കില്‍ ആറ് മാസത്തിനകം എം.എല്‍.എയാവേണ്ടതുണ്ട്. അല്ലെങ്കില്‍ സ്ഥാനം നഷ്ടമാവും.
മെയ് 28നുള്ളില്‍ ആണ് ഉദ്ദവ് താക്കറേ എം.എല്‍.എയാവേണ്ടത്. മഹാരാഷ്ട്രയില്‍ രണ്ട് സംവിധാനങ്ങളാണുള്ളത്. നിയമസഭയും നിയമ കൗണ്‍സിലും. മാര്‍ച്ച് 26ന് രാജ്യസഭ തെരഞ്ഞെടുപ്പിനോടൊപ്പം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലൂടെ എം.എല്‍.സിയായി മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാമെന്നായിരുന്നു ഉദ്ദവ് താക്കറേയും ശിവസേനയും കരുതിയിരുന്നത്.
എന്നാല്‍ രാജ്യത്ത് കൊവിഡ് 19 വ്യാപനം നടന്നതോടെ തെരഞ്ഞെടുപ്പുകളെല്ലാം നീട്ടിവെച്ചു. അതോടെ ഉദ്ദവും ശിവസേനയും കരുതിവെച്ചിരുന്ന വഴി അടഞ്ഞു.
വ്യാഴാഴ്ച ചേര്‍ന്ന മഹാരാഷ്ട്ര മന്ത്രിസഭ യോഗം ഉദ്ദവിന്റെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ടി മറ്റൊരു വഴിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഗവര്‍ണര്‍ക്ക് കുറച്ചു പേരെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാവുന്നതാണ്. ഉദ്ദവ് താക്കറേയെ ഗവര്‍ണറെ കൊണ്ട് നാമനിര്‍ദേശം ചെയ്യിപ്പിക്കാമെന്നാണ് മന്ത്രിസഭ യോഗത്തിലുയര്‍ന്ന ആശയം. അങ്ങനെയാണെങ്കില്‍ ചിലപ്പോള്‍ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നത് വഴി മന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയായിരിക്കും ഉദ്ദവ് താക്കറേ.
പക്ഷെ ഈ വഴിയും അത്ര എളുപ്പമല്ല. ഗവര്‍ണര്‍ക്ക് നിലവില്‍ നാമനിര്‍ദേശം ചെയ്യാവുന്നത് രണ്ട് ഒഴിവിലേക്കാണ്. ഈ രണ്ട് ഒഴിവുകളും നികത്തേണ്ടതിന്റെ അവസാന ദിവസം എന്നത് ജൂണ്‍ പകുതിയിലാണ്. ഗവര്‍ണര്‍ക്ക് ജൂണ്‍ പകുതി വരെ സമയമുണ്ട്. ഉദ്ദവിനാണെങ്കില്‍ മെയ് 28ന് മുമ്പ് എം.എല്‍.സിയാവുകയും വേണം.
മെയ് 28ന് മുമ്പ് തന്നെ നാമനിര്‍ദേശം ചെയ്യണമെന്ന് ഉദ്ദവ് താക്കറേയ്ക്ക് ഗവര്‍ണറോട് ആവശ്യപ്പെടാം. പക്ഷെ ബി.ജെ.പി മുതിര്‍ന്ന നേതാവായിരുന്ന ഗവര്‍ണര്‍ ബി.എസ് കോഷിയാരി ഈ ആവശ്യത്തെ എങ്ങനെയാണ് സമീപിക്കുകയെന്നത് പോലായിരിക്കും ഉദ്ദവിന്റെ മുഖ്യമന്ത്രി കസേരയുടെ ഭാവി. ഉദ്ദവിന്റെ അഭ്യര്‍ത്ഥന മാനിച്ച് മെയ് 28ന് മുമ്പ് എം.എല്‍.സിയായി നാമനിര്‍ദേശം ചെയ്താല്‍ മുഖ്യമന്ത്രിയായി തുടരാം. അതല്ല ജൂണ്‍ പകുതി ആവുമ്പോഴേക്കുമെ താന്‍ ആ ഒഴിവുകള്‍ നികത്തൂ എന്ന് ഗവര്‍ണര്‍ നിലപാടെടുത്താല്‍ ഉദ്ദവിന് രാജിവെക്കേണ്ടി വരും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ