സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദനെതിരായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്തു ഹൈക്കോടതി
Kerala News
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: ഉണ്ണി മുകുന്ദനെതിരായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്തു ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th June 2023, 3:27 pm

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദനെതിരായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. പരാതിക്കാരിയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് നടന്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസിലെ നടപടികളില്‍ സ്റ്റേ നല്‍കിയത്.

നേരത്തെ പീഡന പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ ഹരജി തള്ളി ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ നടന്‍ വിചാരണ നേരിടണമെന്നും അന്ന് കോടതി വിധിച്ചിരുന്നു.

2017ല്‍ ഒരു സിനിമയുടെ കഥ പറയാനെത്തിയ യുവതിയോട് സ്വന്തം ഫ്ളാറ്റില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന കേസ് അടക്കം ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പിന്നീട് കേസില്‍ ജില്ലാ കോടതി നടന് ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന് 2021ല്‍ കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയെയും സമീപിച്ചു. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് നടത്തി എന്ന് അവകാശപ്പെട്ടാണ് ഉണ്ണി കോടതിയെ സമീപിച്ചത്.

 

എന്നാല്‍ ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട് താന്‍ സമര്‍പ്പിച്ചു എന്ന് പറയുന്ന രേഖകള്‍ വ്യാജമാണെന്നും അതിലെ ഒപ്പ് തന്റേതല്ലെന്നുംപരാതിക്കാരി നേരിട്ടെത്തി ഹൈക്കോടതിയെ ധരിപ്പിക്കുകയായിരുന്നു.

Content Highlights: stay order for  sexual allegation against unni mukundan by kerala high court