| Sunday, 16th June 2024, 9:02 pm

സെലക്ടീവായാണ് കോടതി നീതി നടപ്പാക്കുന്നത്, കെജ്‌രിവാളിനും ഹേമന്ത് സോറനും ഒരു നീതി, യെദ്യൂരപ്പക്ക് മറ്റൊരു നീതി: മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: മുന്‍ മുഖ്യമന്ത്രിയെന്ന പേരില്‍ പോക്‌സോ കേസില്‍ ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി. സെലക്ടീവായാണ് കോടതി നീതി നടപ്പാക്കുന്നതെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും അറസ്റ്റ് പരാമര്‍ശിച്ച് കൊണ്ടാണ് അവരുടെ പ്രസ്താവന. എക്‌സിലൂടെ ആയിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം.

‘മുന്‍ മുഖ്യമന്ത്രി ആണെന്ന് പരിഗണിച്ച് യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞപ്പോള്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും കാര്യം ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. മാസങ്ങളായി രണ്ട് മുഖ്യമന്ത്രിമാരും ജയിലിലാണ്. സെലക്ടീവായാണ് കോടതികള്‍ നീതി നടപ്പിലാക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്,’ മെഹബൂബ മുഫ്തി പറഞ്ഞു.

യെദ്യൂരപ്പ മുൻ മുഖ്യമന്ത്രി ആണെന്നും അദ്ദേഹം എങ്ങോട്ടും ഒളിച്ചോടില്ലെന്നുമാണ് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കർണാടക ഹൈക്കോടതി പറഞ്ഞ്. യെദ്യൂരപ്പക്കെതിരെ നടപടി എടുക്കരുതെന്ന് ബെഞ്ച് ഉത്തരവിടുകയും ചെയ്തു.

കേസിൽ വാദം കേൾക്കുന്നത് പൂർത്തിയാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ ജൂൺ 17ന് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. സഹായം തേടി മുതിർന്ന അമ്മയ്‌ക്കൊപ്പം തന്റെ വസതിയിലെത്തിയ 17 കാരിയായ പെൺകുട്ടിയെ യെദ്യൂരപ്പ പീഡിപ്പിച്ചുവെന്നാണ് കേസ്.

Content Highlight: Stay on Yediyurappa’s arrest betrays court’s selective justice: Mehboba

We use cookies to give you the best possible experience. Learn more