ന്യൂഡൽഹി: കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈകോടതി വിധിക്ക് സുപ്രീകോടതി സ്റ്റേ. ഹൈകോടതി വിധിക്കെതിരെ ഷാജി നൽകിയ അപ്പീലിൽ തീരുമാനം വരുന്നത് വരെയാണ് സ്റ്റേ അനുവദിച്ചത്. അടുത്ത വർഷം ജനുവരിയിലാകും ഷാജിയുടെ ഹർജി പരിഗണിക്കുക. അതുവരെ ഷാജി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കും.
പക്ഷെ നിയമസഭയിലെ വോട്ടെടുപ്പുകളിൽ ഷാജിക്ക് പങ്കെടുക്കാൻ സാധിക്കില്ല. നാളെ നിയമസഭയിലെത്തുമെന്ന് ഷാജി അറിയിച്ചിട്ടുണ്ട്. കെ.എം ഷാജി നിയമസഭാംഗം അല്ലെന്നു പ്രസ്താവിച്ച് നിയമസഭാ സെക്രട്ടറി ഇന്നലെ അറിയിപ്പ് പുറത്തിറക്കിയിരുന്നു.
പ്രചാരണക്കുറിപ്പുകളിലൂടെ മതവികാരം ഉണർത്തിവിട്ടും എതിർസ്ഥാനാർഥിക്കു അപകീർത്തി വരുത്തിവെച്ചും ക്രമക്കേട് നടത്തിയെന്ന് കാണിച്ചാണ് കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കിയത്. തന്നെ വിജയിയായി കണക്കാക്കണമെന്നുള്ള എതിർ സ്ഥാനാർഥിയും ഹർജിക്കാരനുമായ സി.പി.എമ്മിന്റെ എം.വി. നികേഷ്കുമാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
Also Read സന്നിധാനത്ത് പ്രതിഷേധം നടത്തരുത്, നിരോധനാജ്ഞ നിലനില്ക്കും: ഹൈക്കോടതി
മതസ്പർധ അഴിച്ചുവിടുന്ന പ്രചാരണം നടത്തിയാണ് കെ.എം.ഷാജി 2016ലെ തെരഞ്ഞെടുപ്പിൽ ജയിച്ചതെന്നും തന്നെ അപകീർത്തിപ്പെടുത്തുന്ന ലഘുലേഖകൾ മണ്ഡലത്തിൽ വ്യാപകമായി വിതരണം ചെയ്തെന്നുമായിരുന്നു നികേഷ്കുമാറിന്റെ വാദം.ഹർജിക്കാരന് കോടതിച്ചെലവായി 50,000 രൂപ ഷാജി നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന്, അപ്പീൽ നൽകാൻ സമയം നൽകാനായിഉത്തരവ് നടപ്പാക്കുന്നത് ഹൈകോടതി ബെഞ്ച് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കുകയും ചെയ്തു.