കൊച്ചി: ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. എന്നാല്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാം.
ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേര്‍ത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.
ജസ്റ്റിസ് വി. ജി അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സി.ബി.ഐ കേസെടുത്തത്.
വിദേശ സഹായ നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് പണം സ്വീകരിച്ചെന്ന കേസിനെതിരെ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസാണ് സര്‍ക്കാരിനു വേണ്ടി ഹരജി നല്‍കിയത്. യു.എ.ഇ റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലെ ധാരണാപത്രത്തിന്റെയടിസ്ഥാനത്തില്‍ വടക്കാഞ്ചേരിയില്‍ വീടുകളും ഹെല്‍ത്ത് സെന്ററുകളും നിര്‍മ്മിക്കുന്ന പദ്ധതിയില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
സംസ്ഥാന സര്‍ക്കാരോ ഉദ്യോഗസ്ഥരോ വിദേശ സഹായം സ്വീകരിച്ചിട്ടില്ലെന്നാണ് ലൈഫ് മിഷന്‍ സി.ഇ.ഒയുടെ വാദം. കരാറുകാരെ നിയമിച്ചതിലും പണം നല്‍കിയതിലും സര്‍ക്കാരിന് പങ്കില്ലെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
Content Highlight: Stay on CBI probe into Life Mission