| Wednesday, 10th December 2014, 12:11 pm

ഐ.പി.എല്ലില്‍ നിന്ന് മാറിനില്‍ക്കാന്‍ തയ്യാറെന്ന് ശ്രീനിവാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.പി.എല്ലില്‍ നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍. സുപ്രീം കോടതിയിലാണ് ശ്രീനിവാസന്‍ തന്റെ തീരുമാനം അറിയിച്ചത്.

ബി.സി.സി.ഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഐ.പി.എല്ലില്‍ നിന്ന് മാറി നില്‍ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പകരം സംവിധാനം വരുന്നതുവരെ മാറി നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പനെതിരെ ഉടന്‍ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മെയ്യപ്പനെതിരെ നടപടിയെടുക്കുന്നതിന് ഒരു പ്രത്യേക സമിതി ഉണ്ടാക്കണമെന്നും എന്നാല്‍ ഈ സമിതിയില്‍ എന്‍ ശ്രീനിവാസന്‍ ഉണ്ടാകാന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. ശ്രീനിവാസന്‍ മാറി നിന്നാല്‍ മാത്രമേ നീതിയുക്തമായ അന്വേഷണം ഉണ്ടാവുകയുള്ളുവെന്നും അതുകൊണ്ട് തന്നെ അദ്ദേഹം മാറിനില്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഐ.പി.എല്‍ വാതുവെപ്പില്‍ മുദ്ഗല്‍ കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമ ആരാണെന്ന് വ്യക്തമാക്കണമെന്നും ബി.സി.സി.ഐ അധ്യക്ഷന്‍ തന്നെയാണ് ഐ.പി.എല്ലിലെ ഒരു ടീമിനെ നിയന്ത്രിക്കുന്നതെന്നും നേരത്തെ കോടതി പറഞ്ഞിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭൂരിഭാഗം ഓഹരിയും കൈകാര്യം ചെയ്യുന്നത് ശ്രീനിവാസനാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more