പങ്കാളിത്ത പെന്‍ഷന്‍; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി
Kerala
പങ്കാളിത്ത പെന്‍ഷന്‍; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th December 2012, 8:30 am

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ധനമന്ത്രി കെ.എം. മാണി.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ മിനിമം പെന്‍ഷന്‍ ഉറപ്പാക്കാന്‍ കഴിയുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും കെ.എം മാണി പറഞ്ഞു.[]

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിലെ ആശങ്ക സംബന്ധിച്ച് ചട്ടം 49 പ്രകാരം സി. ദിവാകരന്‍ നോട്ടീസ് നല്‍കിയ പ്രത്യേക ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ സര്‍വീസിലുള്ളവരുടേയും, ഭാവിയില്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടേയും പെന്‍ഷന്‍ ആനുകൂല്യങ്ങളെ ബാധിക്കുമെന്ന് സി. ദിവാകരന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഭരണഘടന ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളുടെ നിഷേധമാണിതെന്നും സി. ദിവാകരന്‍ പറഞ്ഞു.

അതേസമയം നിലവിലുള്ള ജീവനക്കാരെയും പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മാണി പറഞ്ഞു. 2013 ഏപ്രില്‍ ഒന്നിനുശേഷം സര്‍വീസില്‍ പ്രവേശിക്കുന്നവരെ മാത്രമേ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

ബംഗാള്‍, ത്രിപുര ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കി. പെന്‍ഷനു മാത്രമായി കോടികളാണ് സംസ്ഥാനം കണ്ടെത്തേണ്ടി വരുന്നത്.

2011-12ല്‍ 8700 കോടി രൂപയാണ് ചെലവായത്. 2021-22 ആകുമ്പോള്‍ ഇതു 41,000 കോടി രൂപയായി വര്‍ധിക്കും. ഇത്തരത്തിലുള്ള വര്‍ധന പെന്‍ഷന്‍ കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വീസിലിരിക്കേ ഒരാള്‍ മരിച്ചാല്‍ അയാള്‍ക്ക് മാസശമ്പളമായി ലഭിച്ചിരുന്ന തുക ആശ്രിതര്‍ക്കു നിയമനം ലഭിക്കുന്നതുവരെ കുടുംബത്തിന് നല്‍കും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചശേഷം മരിക്കുന്നവരുടെ ആശ്രിതര്‍ക്കു മരിച്ചയാളുടെ പെന്‍ഷന്‍ ഫണ്ടിലുള്ള തുകയ്ക്ക് ആനുപാതികമായി സേവനകാലാവധി അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു പെന്‍ഷന്‍ അനുവദിക്കും.

മിനിമം പെന്‍ഷന്‍ എത്രയെന്നു പറയാന്‍ കഴിയില്ലെന്നും അതു കേന്ദ്ര തീരുമാനമനുസരിച്ചു പിന്നീട് തീരുമാനിക്കുമെന്നും കെ.എം മാണി വ്യക്തമാക്കി. പെന്‍ഷന്‍തുക നിക്ഷേപിക്കുന്നതു ജീവനക്കാരുടെ സംഘടന പറയുന്ന ബാങ്കിലായിരിക്കും. ഇക്കാര്യത്തില്‍ കേന്ദ്ര അനുമതിക്ക് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.