| Friday, 7th August 2020, 3:42 pm

ദുരന്തം പെയ്തിറങ്ങിയ കവളപ്പാറയ്ക്ക് ഒരു വയസ്; വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും എവിടെയെത്തി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗസ്റ്റ് എട്ട് ഒരു മാജിക്ക് നമ്പറായി മാറിക്കൊണ്ടിരിക്കുകയല്ലേ… മലപ്പുറം കവളപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട സനീഷിന്റെ വാക്കുകളാണിത്. അത്രപെട്ടെന്നൊന്നും മലയാളികള്‍ മറക്കാത്ത പേരാണ് കവളപ്പാറയുടേത്. കഴിഞ്ഞ വര്‍ഷം കേരളത്തെ ചുഴറ്റിയെറിഞ്ഞ മഴയില്‍ കവളപ്പാറക്കാര്‍ക്കുണ്ടായ നഷ്ടം അവരുടെ ജീവനോളം വലുതാണ്. കോരിച്ചൊരിയുന്ന മഴയും, കാതടിപ്പിക്കുന്ന ഒരു ശബ്ദവും ഇന്നും അവര്‍ ഓര്‍ത്തെടുക്കുന്നു.

2019 ആഗസ്റ്റിലാണ് കേരളത്തെ നടുക്കിയ പ്രകൃതി ദുരന്തങ്ങളുടെ ഒരു ശൃംഖല തന്നെയുണ്ടായത്. കവളപ്പാറയിലെ മുത്തപ്പന്‍ കുന്നും പ്രദേശവാസികള്‍ക്ക് മേലേക്ക് ഒരു ദുരന്തമായി പെയ്തിറങ്ങുമെന്ന് അവരും പ്രതീക്ഷിച്ചില്ല. 59 ജീവനുകളാണ് കവളപ്പാറയില്‍ പൊലിഞ്ഞത്. 48 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കവളപ്പാറയില്‍ നിന്ന് ലഭിച്ചത്. തെരച്ചില്‍ നടത്താന്‍ പോലും ആകാത്ത വിധം ആ പ്രദേശത്തെ മണ്ണ് വിഴുങ്ങി. ഒടുവില്‍ ആ 11 പേരേ മണ്ണിനടിയില്‍ തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

2020 ആഗസ്റ്റ് എട്ട്.

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ മഴ ആര്‍ത്തലച്ച് പെയ്യുകയാണ് . കേരളമുള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ജലകമ്മീഷന്‍ കനത്ത ജാഗ്രത നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു. ഇടുക്കിയിലും എടയ്ക്കലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

ഏറെ ഭീതിയോടെയാണ് കവളപ്പാറയിലെ ഓരോ കുടുംബവും ഈ വാര്‍ത്തകള്‍ കേള്‍ക്കുന്നത്. പോയവര്‍ഷത്തെ ദുരന്തം തങ്ങളെ തേടിവരുമോ എന്ന ഭയവും അവര്‍ക്കുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് എട്ടിന് നഷ്ടപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയില്‍ അവര്‍ ഇന്നും ജീവിക്കുന്നു. ജീവിതം പുനരധിവാസ ക്യാംപുകളിലും, വാടക വീടുകളിലും. എന്നിട്ടും പൂര്‍വ്വികരാല്‍ കൈമാറിക്കിട്ടിയ തങ്ങളുടെ ഭൂമി വിട്ട് പോകാന്‍ ഇവര്‍ക്ക് മനസ്സ് വന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതിന് തുല്യമായ രീതിയില്‍ മഴ പെയ്യുന്നത് പലരെയും ഇവിടം വിട്ട് പോകാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

ഇവിടെയുള്ള എല്ലാവരും ഞങ്ങളുടെ കൂടെപ്പിറപ്പുകളാണ്. ജീവന്‍ നഷ്ടപ്പെട്ട കവളപ്പാറയിലെ 59 പേരുടെയും ഓര്‍മ്മ ദിനമാണ് നാളെ. അവര്‍ക്കായി കവളപ്പാറയിലെ 59 പേര്‍ നാളെ രക്തദാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. അവര്‍ക്കായി നല്‍കാന്‍ ഞങ്ങള്‍ക്ക് രക്തം മാത്രമേയുള്ളു-പ്രദേശവാസിയായ സനീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിടുന്നു. ഇപ്പോഴും കവളപ്പാറയിലെ കുടുംബങ്ങള്‍ പുനരധിവാസ കേന്ദ്രങ്ങളിലും സന്നദ്ധസംഘടനകളുടെ സഹയങ്ങളിലുമാണ് ജീവിക്കുന്നത്. ദുരന്തത്തിന്റെ നഷ്ടപരിഹാര തുക ചില കുടുംബങ്ങള്‍ക്ക് കിട്ടിയതൊഴിച്ചാല്‍ കാര്യമായ പുനരധിവാസപ്രവര്‍ത്തനങ്ങളൊന്നും തന്നെ കവളപ്പാറയിലെത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

സര്‍ക്കാരല്ല സന്നദ്ധപ്രവര്‍ത്തനമാണ് കവളപ്പാറയില്‍ നടക്കുന്നതെന്ന് പ്രദേശവാസികള്‍

പൂര്‍വ്വികരാല്‍ ഞങ്ങള്‍ക്ക് കൈമാറിക്കിട്ടിയ ഭൂമിയാണ് കവളപ്പാറിയിലേത്. ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി അച്ഛനപ്പൂപ്പന്‍മാര്‍ക്ക് ലഭിച്ച ഭൂമി. ആ പ്രദേശത്താണ് കഴിഞ്ഞ വര്‍ഷം ഈ ദുരന്തമുണ്ടായത്. 59 പേര്‍ മരിച്ചു. ഇപ്പോഴും ആ ഭൂമി വിട്ടുപോകാന്‍ കഴിയാത്തതുകൊണ്ട് ആ മണ്ണില്‍ തന്നെ ജീവിക്കുന്ന ആളുകളുണ്ട്. ഈ കോരിച്ചൊരിയുന്ന മഴ പലരുടെയും തീരുമാനം മാറ്റി. കുറേ പേരെ പുനരധിവാസ ക്യാംപുകളിലേക്ക് ഇപ്പോള്‍ മാറ്റിയിട്ടുണ്ട്. ആഗസ്റ്റ് എട്ടിന് ഞങ്ങള്‍ 59 പേര്‍ കവളപ്പാറ ദുരന്തത്തെ അനുസ്മരിച്ച് രക്തദാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇവിടെ കുറവാണ്. കവളപ്പാറ കോളനിക്കൂട്ടായ്മ എന്ന പേരില്‍ ഞങ്ങള്‍ കുറച്ച് പേര്‍ രൂപീകരിച്ച ഒരു സന്നദ്ധ സംഘടനയുണ്ട്. മറ്റ് സന്നദ്ധ വ്യക്തികളുടെ സഹായങ്ങള്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പട്ടവര്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ മുന്നിട്ടിറങ്ങുന്നുണ്ട്. സര്‍ക്കാരിന്റെ സഹായങ്ങളില്ലെന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. ഇവിടുത്തെ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ പോരായ്മകള്‍ കൂടി അക്കാര്യത്തില്‍ പരിഗണിക്കേണ്ടി വരും. അതാണ് കവളപ്പാറയിലെ പുനരധിവാസപ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുന്നത്.

കഴിഞ്ഞ തവണത്തെ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയതു കൊണ്ടാകണം കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസും വില്ലേജ് ഓഫീസ് അധികൃതരും പ്രദേശവാസികള്‍ക്ക് മുന്നറയിപ്പ് നല്‍കാന്‍ വീടുകള്‍ തോറും കയറിയിറങ്ങിയിരുന്നു. കഴിഞ്ഞ തവണ ഇത്രയും ജീവനുകള്‍ നഷ്ടപ്പെട്ടതുകൊണ്ടുള്ള മുന്നറിയിപ്പായിരുന്നു അത്. നിലവില്‍ ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ട പലരും ബന്ധുവീടുകളിലും വാടകവീടുകളിലുമാണ് കഴിയുന്നത്- കവളപ്പാറ കോളനിക്കൂട്ടായ്മ ചെയര്‍മാന്‍ സനീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കവളപ്പാറയില്‍ ഉരുള്‍പൊട്ടിയ മലയ്ക്കു മുകളിലുള്ള ഭാഗം മുഴുവന്‍ 1973-ലെ സര്‍വേയില്‍ വനഭൂമിയാണെന്നു കണ്ടെത്തിയിരുന്നു. ഈ പ്രദേശത്തിന്റെ ഒരുഭാഗത്തെ മരങ്ങള്‍ മുഴുവന്‍ വെട്ടിക്കളഞ്ഞ് നാലുവര്‍ഷം മുന്‍പ് നിലമ്പൂരുള്ള ഒരു സ്വകാര്യവ്യക്തി ഇത് റബ്ബര്‍തോട്ടമാക്കി. ആദ്യം വനം വകുപ്പ് അനുമതി നിഷേധിച്ചെങ്കിലും പിന്നീട് നിയമപ്രശ്‌നങ്ങളൊക്കെ തീര്‍ത്ത് ഇവിടെ റബ്ബര്‍ വെച്ച് പിടിപ്പിച്ചു. 2018ല്‍ ചെറിയൊരു മണ്ണിടിച്ചില്‍ ഇവിടെയുണ്ടായിട്ടുണ്ട്. എന്നാല്‍ ജിയോളജി വകുപ്പിന്റെ പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നുമില്ല താമസയോഗ്യമാണെന്നാണുണ്ടായിരുന്നത്. എന്നാല്‍ 2019 ആഗസ്റ്റ് എട്ട് ആ കണ്ടെത്തല്‍ തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു.

വാഗ്ദാനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും കുറവില്ല

ദുരന്തം നടന്നയുടന്‍ തന്നെ കവളപ്പാറയിലെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒരു മാസത്തിന് ശേഷം എംഎല്‍എ യും പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ 6 മാസത്തിനുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാക്കണമെന്ന് പ്രഖ്യാപിച്ച് കൊണ്ട് റി-ബില്‍ഡ് നിലമ്പൂര്‍ എന്ന പദ്ധതിക്ക് രൂപം നല്‍കി. പുനരധിവാസം ഒരു കുടക്കീഴില്‍ എന്ന പേരില്‍ മന്ത്രി കെ.ടി ജലീലും പുനരധിവാസ പദ്ധതി കൊണ്ടുവന്നു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ കൊണ്ട് കാര്യമായ മാറ്റങ്ങളുണ്ടായില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് കവളപ്പാറ കോളനി കൂട്ടായ്മ ഇതു സംബന്ധിച്ച വിഷയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതിയില്‍ ഒരു ഹരജി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യവസായി എം.എ യൂസഫലി പ്രഖ്യാപിച്ച 33 വീടുകളുടെ പുനര്‍നിര്‍മ്മാണം എന്ന പദ്ധതിയും കൊണ്ടുവന്നു.

യഥാര്‍ഥത്തില്‍ നാലിലധികം വാഗ്ദാനങ്ങള്‍ കവളപ്പാറയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടയില്‍ ജനപ്രതിനിധികളും സ്വാകാര്യ സ്ഥാപനങ്ങളും വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് ദുരന്തബാധിതര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഇംപെക്‌സ് 50 വീട്, വീഗാര്‍ഡ്-50, ജ്യോതിലാബോറട്ടറി-50, ജമാ അത്തെ ഇസ്‌ലാമി- 50, ഇങ്ങനെ നിരവധി വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആയിരത്തോളം വീടുകള്‍ നിര്‍മ്മിക്കാമെന്ന് വാഗ്ദാനങ്ങള്‍ ഉണ്ടായ സ്ഥലത്ത് നിലവില്‍ യൂസഫലി നല്‍കിയ 33 വീടുകളുടെ പണിയാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. വീടുകള്‍ വെയ്ക്കാന്‍ ഭൂമി കണ്ടെത്തിയതിന് ശേഷമാണ് ആ ഫണ്ട് ലഭിച്ചത്. കഴിഞ്ഞ മാസം 15-ാം തീയത് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ നടന്ന യോഗം പത്ത് ലക്ഷം രൂപ 53 കുടുംബങ്ങള്‍ക്ക് കൊടുക്കാന്‍ വീണ്ടും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും കാര്യക്ഷമമായി നടന്നിട്ടില്ല.

എസ്.ടി കോളനിയിലെ കുടുംബങ്ങള്‍ ഇന്നും ക്യാംപുകളിലാണ് കഴിയുന്നത്. പ്രദേശത്തെ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികളും മന്ദഗതിയിലാണ്. എം.എല്‍.എയും മുന്‍ കളക്ടര്‍ ജാഫര്‍ മാലികും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും കവളപ്പാറയിലെ ജീവിതങ്ങളെ വഴിമുട്ടിക്കുന്നുണ്ട്. ഇപ്പോള്‍ മഴകൂടി വരുന്നുണ്ട്. കവളപ്പാറയിലെ 90 ശതമാനം ജനങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കുറച്ച് ആള്‍ക്കാര്‍ മാറാന്‍ കൂട്ടാക്കിയിട്ടില്ല. ക്യാംപിലേക്ക് തന്നെ വീണ്ടും പോകുന്നത് മാനസികമായി ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. പുനരധിവാസം തന്നെ പ്രതിസന്ധിയിലാണ്. കൊവിഡ് കൂടി വന്നതോടെ പ്രദേശവാസികളുടെ ഉപജീവനമാര്‍ഗ്ഗങ്ങളും ഇല്ലാതായി- കവളപ്പാറ കോളനി കൂട്ടായ്മ കണ്‍വീനര്‍ ദിലീപ് .എം ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

സംസ്ഥാനത്ത് ഇപ്പോഴും മഴ ശമനമില്ലാതെ തുടരുകയാണ്. കഴിഞ്ഞ പേമാരിയില്‍ എല്ലാം നഷ്ടപ്പെട്ട കവളപ്പാറയിലെ ജനങ്ങള്‍ ഇപ്പോഴും ക്യാംപുകളിലും സന്നദ്ധ സംഘടനകളുടെ ദയാവായ്പ്പിലും കഴിയുകയാണ്. കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ മനുഷ്യനിര്‍മിതമാണെന്ന് വിദഗ്ധര്‍ പറയുന്നു. പരിസ്ഥിതി ലോല പ്രദേശത്തെ കയ്യേറ്റങ്ങളാണ് ഇത്തരം ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. അതിന്റെ ഫലമനുഭവിക്കുന്ന കവളപ്പാറയിലെ ജനങ്ങള്‍ക്ക് ജീവിതം ഇപ്പോഴും വാഗ്ദാനങ്ങളില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നുവെന്നാണ് അവര്‍ തന്നെ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more