കെട്ടിടം പൊളിക്കുമെന്ന് ഭയം; മേൽക്കൂരയിൽ മോദിയുടെയും യോഗിയുടെയും പ്രതിമകളോടെ ക്ഷേത്രം
national news
കെട്ടിടം പൊളിക്കുമെന്ന് ഭയം; മേൽക്കൂരയിൽ മോദിയുടെയും യോഗിയുടെയും പ്രതിമകളോടെ ക്ഷേത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st February 2024, 12:44 pm

സൂറത്ത്: ഉത്തർപ്രദേശിൽ അനധികൃതമാണെന്നാരോപിച്ച് കെട്ടിടം പൊളിച്ചുമാറ്റുമെന്ന് ഭയന്ന് മോദിയുടെയും യോഗിയുടെയും പ്രതിമകൾ മേൽക്കൂരയിൽ സ്ഥാപിച്ച് അമ്പലമാക്കി മാറ്റി ഉടമസ്ഥൻ.

കഴിഞ്ഞ വർഷം മോഹൻലാൽ ഗുപ്ത എന്ന ആക്രിക്കച്ചവടക്കാരൻ വാങ്ങിയ കെട്ടിടത്തിൽ ഒരു നില കൂടി പണിത് രാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു അമ്പലമാക്കി എന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.

മേൽക്കൂരയിലെ ക്ഷേത്രത്തിന് കാവലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും രൂപസാദൃശ്യമുള്ള പ്രതിമകൾ കാവൽക്കാരായി സ്ഥാപിച്ചിട്ടുമുണ്ട്.

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടന്ന ജനുവരി 22ന് തന്നെയാണ് ആക്രിക്കടയ്ക്ക് മുകളിലുള്ള ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇയാൾ നിർവഹിച്ചത്.

അങ്കലേശ്വറിലെ ഗഡ്ഖോൽ ഗ്രാമത്തിലെ മൻസൂഖ് രഖസിയ എന്നയാളുടെ പരാതിയിൽ ഭരൂച്ച് നഗരവികസന അതോറിറ്റി കെട്ടിടത്തിൽ പരിശോധന നടത്തിയതിന് തൊട്ടു പിന്നാലെയാണ് മുൻ‌കൂർ അനുമതി നേടാതെ ഗുപ്ത ഒരു നില കൂടി പണിതത്.

നഗരവികസന അധികൃതർ ഗുപ്തയ്ക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കുവാൻ ഏഴു ദിവസത്തെ സമയം നൽകിയിരിക്കുകയാണ് ഇപ്പോൾ. എന്നാൽ തനിക്ക് കെട്ടിടം വില്പന നടത്തിയ ജിതേന്ദ്ര ഓസ കെട്ടിട നിർമ്മാണത്തിനായി 2012 ഗ്രാമപഞ്ചായത്തിൽ നിന്ന് അനുമതി നേടിയിട്ടുണ്ടെന്നാണ് ഗുപ്ത അവകാശപ്പെടുന്നത്.

തന്നോട് അസൂയയുള്ള ആളുകളാണ് കെട്ടിടത്തിനെതിരെ പരാതി നൽകിയതെന്നും അവർ തന്നോട് പണം ആവശ്യപ്പെട്ടുവെന്നും കെട്ടിടം പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗുപ്ത ആരോപിച്ചു.

റിദ്ദി സിദ്ധി റസിഡൻഷ്യൽ സൊസൈറ്റിയിൽ ഗുപ്ത ഉൾപ്പെടെ മൂന്ന് കെട്ടിട ഉടമകൾ മുൻ‌കൂർ അനുമതി നേടാതെ അനധികൃതമായാണ് കെട്ടിടം നിർമിച്ചത് എന്നാരോപിച്ച് 2023 ജൂലൈ 11നാണ് രഖസിയ പരാതി നൽകിയത്.

Content Highlight: Statues of PM, Yogi ‘guard’ a rooftop temple against demolition in Bharuch