ഗുജറാത്ത്: മൂവായിരം കോടി രൂപ ചെലവില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമക്കായി പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഫണ്ട് ദുരുപയോഗം ചെയ്തതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ കണ്ടെത്തല്‍. ചട്ടം ലംഘിച്ച് വകമാറ്റിയാണ് ഫണ്ടുകള്‍ ഉപയോഗിച്ചതെന്നാണ് ആരോപണം.
ഒ.എന്‍.ജി.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍, ഓയില്‍ ഇന്ത്യ കമ്പനികള്‍ സി.എസ്.ആര്‍ ഫണ്ടില്‍നിന്ന് 150 കോടിയോളം രൂപയാണ് ചട്ടം ലംഘിച്ച് നല്‍കിയത്. ഗുജറാത്തിലെ 14 പൊതുമേഖലാസ്ഥാപനങ്ങള്‍ ഇത്തരത്തില്‍ 104.88 കോടി വകമാറ്റിയെന്നാണ് കണ്ടെത്തല്‍.
ALSO READ: തന്റെ വാക്കുകളെ ഗൗരവത്തിലെടുക്കരുത്; പ്രതിഷേധത്തിനൊടുവില്‍ മാപ്പ് പറഞ്ഞ് വിരാട് കോഹ്‌ലി
ഇത്തരം നടപടികള്‍ അസാധാരണമെന്ന് സി.എ.ജി ചൂണ്ടിക്കാട്ടി. കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് സി.എസ്. ആര്‍ ഫണ്ടില്‍ നിന്ന് പ്രതിമ നിര്‍മിക്കാന്‍ പണം നല്‍കിയതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ടുചെയ്തു.
സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരോ ഓഡിറ്റ് കമ്മിറ്റിയോ തുക വകമാറ്റിയവരുടെ അസാധാരണ നടപടിയെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടി. സി.എസ്.ആര്‍ ഫണ്ട് എന്തൊക്കെ പദ്ധതികള്‍ക്ക് വിനിയോഗിക്കാമെന്ന് കമ്പനീസ് ആക്ട് ഏഴാം ഷെഡ്യൂളില്‍ വ്യക്തമാക്കുന്നുണ്ട്. പട്ടിണി, ദാരിദ്രം, പോഷകാഹാരക്കുറവ് തുടങ്ങിയവ പരിഹരിക്കാനുള്ള പദ്ധതികള്‍ക്ക് സി.എസ്.ആര്‍ ഫണ്ടില്‍നിന്ന് സംഭാവന നല്‍കാം. സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷി വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍പരിശീലനവും നല്‍കുന്ന പദ്ധതികള്‍ക്കും ഈ ഫണ്ടില്‍നിന്ന് സഹായം നല്‍കാം. ഗ്രാമ വികസനപദ്ധതികള്‍, ചേരി നിര്‍മാര്‍ജന യജ്ഞങ്ങള്‍, പരിസ്ഥിതിയും വന്യജീവി വൈവിധ്യവും സംരക്ഷിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയവയ്ക്കും സിഎസ്ആര്‍ ഫണ്ടില്‍നിന്ന് സഹായം അനുവദിക്കാറുണ്ട്. കമ്പനീസ് ആക്ട് 135, 149 വകുപ്പുകള്‍ പ്രകാരം, പ്രതിമ നിര്‍മിക്കാന്‍ സി.എസ്.ആര്‍ ഫണ്ട് വഴിമാറ്റുന്നത് ഗുരുതരപിഴവാണ്.
കേന്ദ്ര, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ പൊതുധന ചട്ടം ലംഘിച്ച് വകമാറ്റി ചെലവിട്ടതിനെ കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സാമ്പത്തിക കാര്യവിഭാഗം സെക്രട്ടറിയായിരുന്ന ഡോ. ഇ.എ.എസ് ശര്‍മ, കോര്‍പറേറ്റ് മന്ത്രാലയം സെക്രട്ടറി ഐ.ശ്രീനിവാസിന് കത്ത് നല്‍കിയിട്ടുണ്ട്.