| Friday, 17th July 2020, 2:43 pm

തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ കാവി ചായം ഒഴിച്ച് നശിപ്പിച്ച നിലയില്‍; പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കോയമ്പത്തൂരില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ. വി രാമസ്വാമിയുടെ പ്രതിമ നശിപ്പിക്കാന്‍ ശ്രമം. പ്രതിമയ്ക്കുമേല്‍ കാവി ചായം ഒഴിച്ചാണ് അനാദരവ് കാണിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ ഇത് കണ്ടത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ചായം ഒഴിച്ചതെന്നാണ് വിലയിരുത്തല്‍. ഇതിനെ തുടര്‍ന്ന് ഇരുപതോളം പെരിയാര്‍ അനുകൂല പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാരോപിച്ചാണ് പ്രതിഷേധം.

പ്രതിമ നശിപ്പിക്കാന്‍ ശ്രമിച്ച നടപടി പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും അതിനായി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

ഹിന്ദു ദൈവമായ മുരുകനെ വര്‍ണിക്കുന്ന ‘കണ്ട ശാസ്തി കവസം’ എന്ന ഭക്തിഗാനത്തെക്കുറിച്ച് ‘കറുപ്പര്‍ കൊട്ടം’ എന്ന പേരായ യൂടൂബ് ചാനലില്‍ വീഡിയോ വന്നിരുന്നു. ഇതേതുടര്‍ന്ന് പെരിയാറിനെ പിന്തുണയ്ക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളെ തുടര്‍ന്നാണ് പെരിയാറിന്റെ പ്രതിമ നശിപ്പിക്കുന്ന സ്ഥിതിയുണ്ടായത്.

ഹിന്ദുത്വ വികാരം വ്രണപ്പെടുത്തുന്നെന്ന് കാണിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

25 വര്‍ഷം മുമ്പാണ് തന്തൈ പെരിയാര്‍ രാമസ്വാമിയുടെ പ്രതിമ നിര്‍മിച്ചത്. ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

2020 ജനുവരിയിലും തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടിലെ പെരിയാറിന്റെ പ്രതിമ നശിപ്പിച്ചിരുന്നു. ഈ പ്രതിമയുടെ വലത് കൈയ്യും മുഖവും തകര്‍ത്ത നിലയിലായിരുന്നു കണ്ടത്.

പെരിയാറിനെക്കുറിച്ച് നടന്‍ രജനീകാന്ത് നടത്തിയ വിവാദ പരാമര്‍ശത്തിന് ശേഷമാണ് അന്ന് പ്രതിമ തകര്‍ത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more