സിദാന്‍ മറ്റരാസി വിവാദ ഏറ്റുമുട്ടലിന് ഇനി ശില്‍പ്പഭംഗി
DSport
സിദാന്‍ മറ്റരാസി വിവാദ ഏറ്റുമുട്ടലിന് ഇനി ശില്‍പ്പഭംഗി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th March 2012, 10:58 am

ന്യൂയോര്‍ക്: 2006 ലോകകപ്പ് ഫൈനലിനിടെ ഫ്രാന്‍സിന്റെ ഇതിഹാസ താരം സിനദിന്‍ സിദാനും ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍കോ മറ്റരാസിയും കളത്തില്‍ “ഏറ്റുമുട്ടിയ” സംഭവവികാസങ്ങള്‍ക്ക് വീണ്ടും പുതുജീവന്‍. അല്‍ജീരിയന്‍ ശില്‍പിയായ ആദില്‍ അബ്ദുസ്സമദാണ് മറ്റരാസിയുടെ നെഞ്ചിന്‍കൂടിന് സിദാന്‍ തലകൊണ്ടിടിക്കുന്ന ചരിത്രദൃശ്യങ്ങള്‍ക്ക് ശില്‍പചാരുത നല്‍കിയത്.

ന്യൂയോര്‍ക്കിലെ ഡേവിഡ് സ്വിര്‍നര്‍ ആര്‍ട്ട് ഗാലറിയില്‍ ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ശില്‍പപ്രദര്‍ശനത്തിന് കാണികളേറെയെത്തുന്നുണ്ട്. സിദാന്റെയും മറ്റരാസിയുടെയും  പ്രതിമകളിലൂടെയാണ് സംഭവം പുനരാവിഷ്‌കരിക്കുന്നത്. ഇരുവരുടെയും മുഖഭാവങ്ങള്‍ അതേയളവില്‍ ഒപ്പിയെടുക്കാന്‍ ആദിലിന് കഴിഞ്ഞിട്ടുണ്ട്. ഫ്രഞ്ചുകാരനെങ്കിലും അല്‍ജീരിയന്‍ വംശജനാണ് സിദാന്‍.

2006 ഫൈനലില്‍ ലോകം ടെലിവിഷനിലൂടെ കണ്ട പ്രക്ഷുബ്ധനായ ഫ്രഞ്ച് താരം സിദാന്‍ മറ്റരാസിയെ തലകൊണ്ട് നെഞ്ചിനിടിച്ചു വീഴ്ത്തുന്നത്, തുടര്‍ന്ന് ചുവപ്പുകാര്‍ഡ് കണ്ട് സിദാന്‍ മൈതാനം വിടുന്നതും ഫ്രാന്‍സ് തോല്‍ക്കുന്നതും. പിന്നീട് കാര്യങ്ങള്‍ വ്യക്തമായി. മറ്റരാസി സിദാന്റെ സഹോദരിയ്‌ക്കെതിരെ അസഭ്യവര്‍ഷം നടത്തിയതിനായിരുന്നു ലോകം ഞെട്ടിയ സിദാന്റെ ആ ഹെഡിംഗ്.

വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും മുഖാമുഖമെത്തിയത് ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണ്. മത്സരത്തിനെത്തിയ ഇരുവരും മുന്‍ വൈരാഗ്യം മറന്ന് ഹസ്തദാനം നല്കി. സിദാന്‍ ഈ വാര്‍ത്ത നിഷേധിച്ചു. എന്നാല്‍, മറ്റരാസി വാര്‍ത്ത ശരിയാണെന്ന് പറഞ്ഞു. താന്‍ ഹോട്ടലില്‍ നിന്നു പുറത്തേക്കു കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ എത്തി. ഇപ്പോള്‍ പുറത്തേക്കു പോകേണ്ട, സിദാന്‍ പുറത്തുണ്ട് എന്ന് തന്നോടു പറഞ്ഞതായി മറ്റരാസി വെളിപ്പെടുത്തി.

അതു വകവയ്ക്കാതെ പുറത്തെത്തി സിദാനെ കണ്ട് സംസാരിച്ചു. ഹസ്തദാനം നല്കി പിരിഞ്ഞു -അദ്ദേഹം പറഞ്ഞു. 2006 ലോകകപ്പ് ഫൈനലിനു ശേഷം സിദാന്‍ സജീവ ഫുട്‌ബോളില്‍നിന്ന് വിരമിച്ചിരുന്നു. നിലവില്‍ റയല്‍ മാഡ്രിഡിന്റെ കണ്‍സള്‍ട്ടന്റ് കോച്ചാണ് സിദാന്‍. ഇന്റര്‍ മിലാന്റെ മുന്‍ കോച്ചായിരുന്ന ജോസ് മൗറീഞ്ഞോയെ കാണാനാണ് മറ്റരാസി എത്തിയത്.

Malayalam news

Kerala news in English