| Tuesday, 16th February 2021, 5:17 pm

സ്‌റ്റോക്‌സിന്റെ അന്തകനായി അശ്വിന്‍, ആദ്യമായി അര്‍ധസെഞ്ച്വറി ഇല്ലാതെ റൂട്ട്, ധോണിയ്‌ക്കൊപ്പം കോഹ്‌ലി; രണ്ടാം ടെസ്റ്റിലെ രസകരമായ കണക്കിലെ കളികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ജയത്തോടെ സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയം നേടിയ ക്യാപ്റ്റന്‍ എന്ന ധോണിയുടെ റെക്കോഡിനൊപ്പമെത്തി വിരാട് കോഹ്‌ലി. ധോണിയും കോഹ്‌ലിയും നാട്ടില്‍ ഇന്ത്യയെ 21 വീതം ടെസ്റ്റുകളിലാണ് ജയത്തിലേക്ക് നയിച്ചത്.

30 ടെസ്റ്റുകളില്‍ നിന്നാണ് ധോണി 21 ജയത്തിലെത്തിയതെങ്കില്‍ കോഹ്‌ലിയ്ക്ക് വേണ്ടിവന്നത് 28 ടെസ്റ്റുകളാണ്.

രണ്ടാം ടെസ്റ്റിലെ മറ്റ് ചില കണക്കുകള്‍ കൂടി നോക്കാം-

0- ഇന്ത്യയ്‌ക്കെതിരെ ആദ്യമായി റൂട്ടിന് ടെസ്റ്റില്‍ അര്‍ധസെഞ്ച്വറി നേടാനാകാതെ പോയ മത്സരമാണ് കഴിഞ്ഞത്.

2- തവണയാണ് അശ്വിന്‍ ടെസ്റ്റില്‍ സെഞ്ച്വറിയും എട്ട് വിക്കറ്റോ അതില്‍ കൂടുതലും നേടുന്നത്. 2011 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അശ്വിന്‍ 103 റണ്‍സും ഒമ്പത് വിക്കറ്റും നേടിയിരുന്നു.

9- അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യയുടെ ഒമ്പതാമത്തെ ബൗളറാണ് അക്‌സര്‍ പട്ടേല്‍. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇടംകൈയന്‍ സ്പിന്നറും.

10 തവണയാണ് ബെന്‍ സ്‌റ്റോക്‌സിനെ അശ്വിന്‍ ടെസ്റ്റില്‍ പുറത്താക്കുന്നത്. ഇതോടെ ടെസ്റ്റില്‍ അശ്വിന്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയവരുടെ പട്ടികയില്‍ വാര്‍ണറെ കൂടാതെ സ്റ്റോക്‌സുമായി. ഇരുവരേയും 10 തവണ പുറത്താക്കി. അലിസ്റ്റര്‍ കുക്കിനെ 9 തവണയും അശ്വിന്‍ പുറത്താക്കിയിട്ടുണ്ട്.

15-ാം ടെസ്റ്റ് ജയമാണ് ഇന്ത്യ ചെപ്പോക്കില്‍ സ്വന്തമാക്കിയത്. ഇന്ത്യ ഏറ്റവും കൂടുതല്‍ ജയം സ്വന്തമാക്കിയ വേദി എന്ന റെക്കോഡും ചെപ്പോക്കിനാണ്.

317– ഇംഗ്ലണ്ടിനെതിരെ ഇന്ത്യ റണ്‍സ് അടിസ്ഥാനത്തില്‍ നേടിയ ഏറ്റവും വലിയ ജയം. ഇതിന് മുന്‍പ് 1986 ല്‍ 279 റണ്‍സിന് ജയിച്ചതായിരുന്നു റെക്കോഡ്.

482 റണ്‍സിന്റെ അതീവ ദുഷ്‌കരമായ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലിഷ് പടയെ 164 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ, 317 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ സന്ദര്‍ശകര്‍ക്ക് ഒപ്പമെത്തി.

സ്‌കോര്‍: ഇന്ത്യ 329, 286. ഇംഗ്ലണ്ട് 134, 164

രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് നഷ്ടമായ 10 വിക്കറ്റുകളും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പങ്കിട്ടു. 21 ഓവറില്‍ 60 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത അക്‌സര്‍ പട്ടേലിന്റെ നേതൃത്വത്തിലാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. രണ്ട് ഇന്നിംഗ്‌സിലുമായി പട്ടേല്‍ ഏഴു വിക്കറ്റെടുത്തു.

ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത അശ്വിന്‍, ഇത്തവണ 18 ഓവറില്‍ 53 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് 6.2 ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

അവസാന നിമിഷങ്ങളില്‍ ആളിക്കത്തിയ മോയിന്‍ അലി 18 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും സഹിതം 43 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായി. 92 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ജോ റൂട്ട്, മൂന്നു ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു.

റണ്‍ അടിസ്ഥാനത്തില്‍ ഏഷ്യന്‍ മണ്ണില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്. 2016-17ല്‍ ഇന്ത്യയ്ക്കെതിരെ വിശാഖപട്ടണത്ത് 246 റണ്‍സിന് തോറ്റതായിരുന്നു ഇതിനു മുന്‍പത്തെ വലിയ തോല്‍വി. ഇംഗ്ലണ്ടിനെതിരെ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. 1986ല്‍ ലീഡ്‌സില്‍ നേടിയ 279 റണ്‍സ് വിജയമാണ് ഇന്ത്യ മറികടന്നത്.

പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഫെബ്രുവരി 24 മുതല്‍ അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Stats – Axar’s glorious debut, and Kohli equals Dhoni Ashwin Ben Stokes India vs England
We use cookies to give you the best possible experience. Learn more