കൊല്‍ക്കത്ത: സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ആവശ്യം കൂടിവരികയാണെന്നും ഇത് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. കൃത്യമായ മാനേജ്‌മെന്റിലൂടെ മാത്രമെ ഇത് നിയന്ത്രിക്കാന്‍ കഴിയൂവെന്നും ഗോയല്‍ പറഞ്ഞു.
എന്നാല്‍ ഗോയലിന്റെ ഈ പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിംഗ് രംഗത്തെത്തി. എന്തിനാണ് ഇത്തരം മണ്ടത്തരം വിളിച്ചുപറയുന്നതെന്നാണ് ദിഗ്‌വിജയ് സിംഗ് ചോദിച്ചത്.
‘എന്ത് മണ്ടത്തരമാണ് നിങ്ങളീ പറയുന്നത്. ഓക്‌സിജന്‍ എന്നത് അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണെന്ന് അറിയില്ലേ. എങ്ങനെയാണ് അത് നിയന്ത്രിക്കുക എന്ന് പറഞ്ഞു തരൂ. ഓക്‌സിജന്‍ ഇല്ലാതെ രോഗികളെ ചികിത്സിക്കാന്‍ കഴിയില്ലെന്ന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതാണ്. ഒരു അടിയന്തര ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിനും കഴിഞ്ഞില്ല. എല്ലാത്തരത്തിലും രോഗം നിയന്ത്രിക്കുന്നതില്‍ പൂര്‍ണ്ണപരാജയമായിരിക്കുകയാണ് ഇന്ത്യയിലെ സര്‍ക്കാര്‍,’ ദിഗ്‌വിജയ് സിംഗ് പറഞ്ഞു.
ദല്‍ഹി, മഹാരാഷ്ട്രയുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം വളരെ രൂക്ഷമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ രോഗികളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം,രാജ്യത്ത് നിലവില്‍ 2,61,500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒറ്റയടിക്ക് 26,808 രോഗികളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1.47 കോടിയായി.
കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം ബാധിച്ചത്. 27,334 കേസുകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണം 1,77,150 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. 419 പേര്‍ മഹാരാഷ്ട്രയിലും ദല്‍ഹിയില്‍ 167 പേരും മരിച്ചു. 1,28,09,643 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി ഉണ്ടായത്. നിലവില്‍ 18,01,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക