ന്യൂദൽഹി: സംസ്ഥാനങ്ങൾക്ക് വഖഫ് ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന വെല്ലുവിളിയുമായി ബി.ജെ.പി. അങ്ങനെ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബി.ജെ.പിയുടെ വാദം. നിയമത്തോടുള്ള കോൺഗ്രസിന്റെയും മറ്റ് ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളുടെയും തുടർച്ചയായ എതിർപ്പിനെ ബി.ജെ.പി വിമർശിച്ചു.
ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) എം.എൽ.എയും സംസ്ഥാന മന്ത്രിയുമായ ഹഫീസുൾ ഹസ്സൻ ശരിയത്ത് വഖഫ് ബിൽ നടപ്പാക്കില്ലെന്ന് പറഞ്ഞതിന് പിന്നാലെ കർണാടക മന്ത്രി ബിസെഡ് സമീർ അഹമ്മദ് ഖാനും സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന് അവകാശപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രസ്താവന. പശ്ചിമ ബംഗാളിൽ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ശനിയാഴ്ച പറഞ്ഞിരുന്നു. ബി.ജെ.പി ദേശീയ വക്താവ് സുധാൻഷു ത്രിവേദിയാണ് വഖഫ് ബിൽ പാസാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്ന വാദവുമായെത്തിയത്.
ഈ വിഷയത്തിലുള്ള വിവിധ സംസ്ഥാനങ്ങളുടെ നിലപാട് ഗുരുതരമായ ആശങ്കാജനകമായ വിഷയം ആണെന്നും അവരുടെ പാർട്ടികൾ അധികാരത്തിൽ തുടർന്നാൽ ഭരണഘടന അപകടത്തിലാകുമെന്നും ത്രിവേദി ആരോപിച്ചു.
ഭരണഘടനയുടെ മുഖ്യ ശില്പിയായ ബി.ആർ അംബേദ്കറെ അപമാനിക്കുന്നതാണ് അവരുടെ പരാമർശങ്ങളെന്നും ത്രിവേദി പറഞ്ഞു. ‘ഭരണഘടനയിലെ 73ഉം 74ഉം ഭേദഗതികൾക്ക് ശേഷം, കേന്ദ്ര, സംസ്ഥാന, ജില്ലാതല സർക്കാരുകളുടെ അധികാരങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന് അപ്പുറത്തേക്ക് പോകാൻ ഒരു ജില്ലാ പഞ്ചായത്തിനും കഴിയില്ല, കേന്ദ്രം (പാർലമെന്റ്) പാസാക്കിയ നിയമം മറികടക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ല,’ ബി.ജെ.പി രാജ്യസഭാ എംപി പറഞ്ഞു. ഭരണഘടനയോട് അവർക്ക് യാതൊരു ബഹുമാനവുമില്ലെന്ന് അവരുടെ പ്രസ്താവനകൾ തെളിയിക്കുന്നുവെന്ന് ത്രിവേദി ആരോപിച്ചു.
‘അവർ ഭരണഘടന പോക്കറ്റിൽ സൂക്ഷിക്കുമ്പോൾ ബി.ജെ.പിയും എൻ.ഡി.എയും (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) ഭരണഘടന ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഭരണഘടന പോക്കറ്റിൽ സൂക്ഷിക്കുന്നവരും അത് ഹൃദയത്തിൽ സൂക്ഷിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണിത്. കോൺഗ്രസ് സർക്കാർ 73ഉം 74ഉം ഭേദഗതികൾ പാസാക്കിയിരുന്നു.
അവയെ അന്ന് ‘വിപ്ലവകരം’ എന്ന് വിളിച്ചിരുന്നു. ഇന്ന്, സ്വന്തം സർക്കാർ പാസാക്കിയ ഭേദഗതികൾ അവർ പൊളിച്ചുമാറ്റുന്നതായി തോന്നുന്നു,’അദ്ദേഹം പറഞ്ഞു. കർണാടക, ജാർഖണ്ഡ് മന്ത്രിമാരുടെ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ ബി.ജെ.പി വക്താവ്, കോൺഗ്രസിനോടും സഖ്യകക്ഷികളോടും അവർക്കെതിരെ നടപടിയെടുക്കാൻ വെല്ലുവിളിച്ചു