| Monday, 22nd April 2019, 9:00 pm

കല്ലട പോലുള്ള സ്വകാര്യ ബസുകള്‍ക്ക് നിയമം ലംഘിക്കാന്‍ ധൈര്യം നല്‍കുന്നത് പകരം സംവിധാനം ഒരുക്കുന്നതിലെ സര്‍ക്കാറിന്റെ പരാജയം

മുഹമ്മദ് ഫാസില്‍

കോഴിക്കോട്: കല്ലട ട്രാവല്‍സിലെ യാത്രക്കാര്‍ക്ക് നേരെയുണ്ടായ ബസ് ജീവനക്കാരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ബസ് ജീവനക്കാരെ അറസ്റ്റു ചെയ്തതായും , ബസ് പൊലീസ് പിടിച്ചെടുത്തതായും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു.

എന്നാല്‍ കൂടുതല്‍ അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തുന്നതിലും, അധികമായി ട്രെയ്ന്‍ സര്‍വീസുകള്‍ കൊണ്ടുവരുന്നതിലും സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയാണ് കല്ലടയെപ്പോലുള്ള സ്വകാര്യ ബസ് കമ്പനികള്‍ക്ക്‌ നഗ്നമായ നിയമലംഘിക്കാനുള്ള നടത്തുന്നതിന് ധെെര്യം നല്‍കുന്നത്.

ബസിന്റെ സര്‍വീസ് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും, ബസ് കമ്പനിയുടെ ഉടമയെ നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിര്‍ദ്ദേശം നല്‍കിയെന്നും, ബസിലെ അനിഷ്ട സംഭവങ്ങള്‍ ഷൂട്ട് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ജേക്കബ് ഫിലിപ്പിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഡി.ജി.പി തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നിന്നായി 500ലധികം അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഓടുന്ന വണ്ടികളുടെ കൃത്യമായ എണ്ണം, ഇത്തരം ബസ്സുകളിലെ ജീവനക്കാരുടെ വിവരങ്ങള്‍ തുടങ്ങിയവ സര്‍ക്കാറിന്റെ പക്കലില്ല.

നിലവില്‍ കേരളത്തിലെ സ്വകാര്യ ബസ്സുകള്‍ ഓടുന്നത് നിയമങ്ങള്‍ പാലിക്കാതെയാണെന്ന് സാമൂഹിക പ്രവര്‍ത്തകനും, പൊതു ഗതാഗത സംവിധാന വിദഗ്ദനുമായ ഡിജോ കാപ്പന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ‘മോട്ടോര്‍ വാഹന നിയമപ്രാകരം രണ്ടു തരം സര്‍വീസുകളാണ് നിലവിലുള്ളത്. അതില്‍ കോണ്‍ട്രാക്ട് ക്യാരേജ് പ്രകാരമാണ് ഇതരസംസ്ഥാന റൂട്ടുകളിലേക്ക് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. ഒരു പോയിന്റില്‍ നിന്ന് മറ്റൊരു പോയിന്റിലേക്ക് പോകുന്ന സംവിധാനമാണിത്’- ഡിജോ പറയുന്നു.

മറ്റൊരു സംവിധാനം സ്റ്റേജ് ക്യാരേജ് ആണ്. ബോര്‍ഡ് വെച്ച് ആളെ കേറ്റിക്കൊണ്ടു പോകാനുള്ള അവകാശം അവര്‍ക്ക് മാത്രമാണുള്ളത്. കോണ്‍ട്രാക്ട് ക്യാരേജിന് ബോര്‍ഡ് വെച്ച് സര്‍വീസ് നടത്താനുള്ള അവകാശമില്ല.

‘ആദ്യ കാലങ്ങളില്‍ കല്ല്യാണ പാര്‍ട്ടികള്‍ക്കും, സ്‌കൂളുകളില്‍ നിന്ന് ടൂറു പോകുന്നതിനും മറ്റുമായിരുന്നു കോണ്‍ട്രാക്ട് ക്യാരേജ് വിഭാഗത്തില്‍ പെടുന്ന സ്വകാര്യ ബസ്സുകള്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് ബംഗളുരുവിലും മറ്റും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ജോലി ആവശ്യങ്ങള്‍ക്കുമായി ആളുകള്‍ കൂടുതലായി പോകാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ പിന്നീട് ഇത്തരം സര്‍വീസുകളിലേക്ക് തിരിഞ്ഞത്. ഈ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി വണ്ടികളുടെ എണ്ണക്കുറവും ഇവര്‍ക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ചു’- ഡിജോ പറഞ്ഞു.

1995-96 കാലഘട്ടത്തില്‍ ആര്‍. ബാലകൃഷ്ണപ്പിള്ള ഗതാഗത മന്ത്രി ആയിരുന്ന കാലത്ത് കെ.എസ്.ആര്‍.ടി.സിക്ക് വരുമാനം കുറയുന്നു എന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സ്വകാര്യ ബസ്സുകള്‍ അനധികൃതമായി ചൈന്നയിലേക്കും ബാംഗ്ലൂരിലേക്കും സര്‍വീസുകള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെടുകയും എറണാകുളത്ത് വെച്ച് പെര്‍മിറ്റ് ഇല്ലാത്ത ബസ്സുകള്‍ അന്ന് പിടിച്ചു വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് സര്‍ക്കാര്‍ ഒരു ബദല്‍ സംവിധാനം ഒരുക്കാതിരുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. അത് മാധ്യമങ്ങളും അത്തരത്തിലായിരുന്നു റിപ്പോര്‍ട്ടു ചെയ്തതെന്നും ഡിജോ ഓര്‍ക്കുന്നു.

‘കേസ് കോടതിയിലെത്തിയപ്പോള്‍ കോടതി ഇത്തരം സര്‍വീസിന് മറ്റൊരു വിവക്ഷയാണ് നല്‍കിയത്. ഒരു പോയിന്റില്‍ നിന്ന് മറ്റൊരു പോയിന്റ് വരെ എന്നായിരുന്നു കോണ്‍ട്രാക്ട് ക്യാരേജിന്റെ അത് വരെയുള്ള വ്യാഖ്യാനം. ഉദാഹരണത്തിന് തിരുവനന്തപുരത്ത് നിന്നും ബംഗളുരു വരെയുള്ള സര്‍വീസ് ആണെങ്കില്‍, തിരുവന്തപുരത്തു നിന്നും ആരംഭിച്ച് ബംഗളുരുവില്‍ അവസാനിക്കുന്ന ഒരു കോണ്‍ട്രാക്ട് ആയിരുന്നു അത്. എന്നാല്‍ കോടതി പറഞ്ഞത് മറ്റൊരു രീതിയിലായിരുന്നു. തമ്പാനൂരില്‍ നിന്ന് പത്തു പേര് കയറുന്നു, ആറ്റിങ്ങലില്‍ നിന്ന് പത്തു പേരു കയറുന്നു, പത്തു പേര് കഴക്കൂട്ടത്ത് നിന്ന് കയറുന്നു, ഇത് മൂന്നും വ്യത്യസ്ത കോണ്‍ട്രാക്ടുകളാണ്’- ഡിജോ വ്യക്തമാക്കുന്നു.

അതായത് ഒരു വ്യക്തിയില്‍ നിന്നും പണം വാങ്ങി കൊണ്ടു പോകാനുള്ള അനുമതിയല്ല, മറിച്ച് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് വണ്ടി ഓടിക്കാന്‍ മാത്രമുള്ള അനുമതിയാണ്. ഒരോ യാത്രക്കാരനില്‍ നിന്നുമായി പണം വാങ്ങാന്‍ ബസുടകമള്‍ക്ക് അനുവാദമില്ല.

എന്നാല്‍ സ്വകാര്യ ബസ്സുടമകളുടെ മറ്റൊരു തരത്തിലുള്ള മര്‍ദനമാണ് ഉത്സവസീസണുകളില്‍ കുത്തനെ ഉയര്‍ത്തുന്ന ടിക്കറ്റ് നിരക്കെന്ന് ഡിജോ പറയുന്നു. ബസ്സുകളുടെ നിര്‍മാണ കമ്പനികള്‍ തന്നെ യാത്രക്കാരോട് പെരുമാറുന്ന വിധത്തെക്കുറിച്ചും മറ്റും പരിശീലന ക്ലാസുകള്‍ നല്‍കാറുണ്ടെന്നും എന്നാല്‍ അവര്‍ അതൊക്കെ അവിടെ വെച്ച് മറക്കും എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവമെന്നും അദ്ദേഹം പറഞ്ഞു.

‘ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ബസ്സുകള്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ സര്‍ക്കാറും അപ്പീല്‍ നല്‍കിയില്ല. എന്നാല്‍ അടുത്ത ദിവസം തന്നെ ഇത്തരം ബസ്സുകള്‍ ഓടുന്നത് നിര്‍ത്തണം എന്ന് തീരുമാനിക്കുന്നതും പ്രായോഗികമല്ല. ഉത്സവ സീസണുകളില്‍ പ്രത്യേകിച്ച്, ആളുകള്‍ കെ.എസ്.ആര്‍.ടി.സി അല്ലാതെ ഇത്തരം സംവിധാനങ്ങളേയും കാര്യമായി ആശ്രയിക്കാറുണ്ട്. ബദല്‍ സംവിധാനം എന്ന നിലയ്ക്ക് തിരുവനന്തപുരത്തു നിന്ന് ബംഗളുരു വരെ പുതിയ ട്രെയ്ന്‍ എന്ന ആശയം ഉരുത്തിരിഞ്ഞിരുന്നു. എന്നാല്‍ ബസ്സുടമകളുടെ സംഘടനയുടെ ഇടപെടല്‍ മൂലം ട്രെയ്ന്‍ സമയം അട്ടിമറിക്കപ്പെടുകയായിരുന്നു. യാത്രക്കാരെ തിരിച്ച് ബസ്സിലേക്ക് തന്നെ എത്തിപ്പിക്കും വിധം, ഓഫീസ് സമയത്തിനു ശേഷം ട്രെയ്ന്‍ ലക്ഷ്യസ്ഥാനത്തെത്തുന്ന തരത്തിലായിരുന്നു സമയക്രമം നിശ്ചയിക്കപ്പെട്ടിരുന്നത്’- ഡിജോ പറയുന്നു.

ഇത്തരം സര്‍വീസുകള്‍ക്ക് ഇനി മുതല്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശവും പൊതുമാനദണ്ഡവും രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കല്ലട ബസിലുണ്ടായതിന് സമാനമായ സംഭവങ്ങള്‍ മുന്‍പും പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനെതിരെയൊന്നും ശക്തമായ ഇടപെടല്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല.

മുഹമ്മദ് ഫാസില്‍

ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more