കൊച്ചി: കലൂരില്‍ പാതയോരത്ത് 24 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സൗഹൃദം അവസാനിപ്പിക്കണമെന്ന തന്റെ തീരുമാനത്തിന് പിന്നാലെയാണ് ക്രിസ്റ്റഫര്‍ പ്രകോപിതനായതെന്ന് സുഹൃത്ത് സച്ചിന്‍ പൊലീസിന് മൊഴി നല്‍കി. വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു സച്ചിനും ക്രിസ്റ്റഫറും. സൗഹൃദം വേര്‍പെടുത്താന്‍ സച്ചിന്‍ തീരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
ബി.ടെക് ബിരുദധാരിയായ ക്രിസ്റ്റഫര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കലൂരിലെ ടെക് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ക്രിസ്റ്റഫര്‍ കലൂരില്‍ തന്നെ വിളിച്ചുവരുത്തി പ്രകോപിതനായെന്നും സച്ചിന്‍ പൊലീസിന് മൊഴി നല്‍കി.
കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായതിനാല്‍ സച്ചിന്റെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ പൊലീസിനായിട്ടില്ല. ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് ഒരുങ്ങന്നത്. അതിനിടെ ക്രിസ്റ്റഫറിന്റെ അന്വേഷണത്തില്‍ വിശദമായി അന്വേഷണം വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ ക്രിസ്റ്റഫറിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ലെന്ന് അച്ഛനും അമ്മയും പറയുന്നു.
‘രക്തം കാണുമ്പോള്‍ മറിഞ്ഞുവീണ് ബോധം പോകുന്നയാള്‍ക്ക് ഒരാളെ ആക്രമിക്കാനും സ്വയം കഴുത്തുമുറിക്കാനും എങ്ങനെ സാധിക്കുമെന്ന് മനസിലാകുന്നില്ല. എനിക്കാരെയും ഉപദ്രവിക്കണമെന്നില്ല. എന്താണ് സംഭവിച്ചതെന്നൊന്ന് അറിഞ്ഞാല്‍ മതി,’ ക്രിസ്റ്റഫറിന്റെ പിതാവ് സിറിള്‍ പറഞ്ഞു.
എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവന്‍ പറയുമായിരുന്നു. അവന് ആയുധം കൊണ്ടുനടക്കുന്ന സ്വഭാവമൊന്നുമില്ല. അപ്പോഴത്തെ ഒരു നിമിഷത്തില്‍ സംഭവിച്ചു പോയതായിരിക്കാമെന്നും സിറിള്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച വൈകിട്ട് ക്രിസ്റ്റഫര്‍ കലൂര്‍ മാര്‍ക്കറ്റിന് സമീപത്തുവെച്ച് സുഹൃത്തായ സച്ചിനെ കത്തി കൊണ്ട് ആക്രമിക്കുകയും അതിനുശേഷം സ്വയം കഴുത്ത് മുറിക്കുകയുമായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
CONTENT HIGHLIGHTS: statement on Klistifer’s friend Sachin, the suicide at Kaloor