തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കൊലപാതകങ്ങളിലൂടെ ആര്‍.എസ്.എസ്സും എസ്.ഡി.പി.ഐയും നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
പാലക്കാട് ജില്ലയില്‍ ഇരുകൂട്ടരും മത്സരിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും ഇരുവരും തയ്യാറെടുത്ത് കൊല നടത്തുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
‘ആസൂത്രിത കൊലപാതകമാവുമ്പോള്‍ പൊലീസിന് പരിമിതി ഉണ്ടാവും. എന്നാല്‍ ആ പരിമിതി മുതലെടുത്താണ് ഇരുകൂട്ടരും കൊല നടത്തുന്നത്. ഇത്തരം അക്രമികളെ ജനം ഒറ്റപ്പെടുത്തണം,’ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസയം, ജില്ലയില്‍ ഏപ്രില്‍ 20 വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠനാണ് നിരോധാനാജ്ഞ പുറപ്പെടുവിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
ഇതുപ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.
ഇന്ത്യന്‍ ആമ്സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.