| Friday, 28th August 2020, 12:51 pm

അനില്‍ നമ്പ്യാര്‍ ബി.ജെ.പിക്കുവേണ്ടി സഹായം ചോദിച്ചു; സ്വപ്‌നയുടെ മൊഴി പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നതായി സ്വപ്‌ന സുരേഷിന്റെ മൊഴി. യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് നീക്കാന്‍ സഹായം ചോദിച്ച് സമീപിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് അനില്‍ നമ്പ്യാരുമായി ഉള്ളതെന്നും സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനില്‍ നമ്പ്യാരുമായി രണ്ട് വര്‍ഷത്തോളമായി സൗഹൃദമുണ്ടെന്നാണ് സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നത്.

അനില്‍ നമ്പ്യാര്‍ക്കെതിരെ യു.എ.ഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നു. അതിനാല്‍ യു.എ.ഇ സന്ദര്‍ശിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് അനില്‍ നമ്പ്യാര്‍ ഭയന്നിരുന്നു. ആ കാലത്ത് ജയിലിലായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ അഭിമുഖമെടുക്കാനായി യു.എ.ഇയിലേക്ക് പോകാന്‍ അനില്‍ നമ്പ്യാര്‍ ആഗ്രഹിച്ചിരുന്നു. യാത്രാനുമതി ലഭിക്കാന്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിനെയാണ് ആദ്യം വിളിച്ചത്. സരിത്ത് സ്വപ്നയെ വിളിക്കാന്‍ നിര്‍ദേശിച്ചു. കോണ്‍സുലേറ്റ് ജനറല്‍ വഴി സ്വപ്‌ന യാത്രാനുമതി ശരിയാക്കി നല്‍കി. അക്കാലം മുതല്‍ സ്വപ്‌നയും അനില്‍ നമ്പ്യാരും അടുത്ത സുഹൃത്തുക്കളാണ്,’ മൊഴിയില്‍ പറയുന്നു.

സുഹൃത്തുക്കളായത് മുതല്‍ സൗഹൃദം പുതുക്കാന്‍ അനില്‍ നമ്പ്യാര്‍ അവരെ ഇടക്കിടക്ക് വിളിക്കാറുണ്ടെന്നും മൊഴിയില്‍ പറയുന്നു.

2018ല്‍ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിന് വിളിച്ചെന്നും അവിടെ വെച്ച് ബി.ജെ.പിക്ക് വേണ്ടി യു.എ.ഇ കോണ്‍സുലേറ്റിന്റെ സഹായങ്ങള്‍ ചോദിച്ചെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.

‘2018ല്‍ താജ് ഹോട്ടലില്‍ അത്താഴവിരുന്നിനായി അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചു. അവിടെവെച്ച് ഒരുമിച്ച് മദ്യവും കഴിച്ചു. യു.എ.ഇയിലെ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാര്‍ തന്നോട് അന്വേഷിച്ചു.ബി.ജെ.പിക്ക് വേണ്ടി യു.എ.ഇ കോണ്‍സുലേറ്റിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കടയുടെ ഉദ്ഘാടനത്തിന് യു.എ.ഇ കോണ്‍സല്‍ ജനറലിനെ കൊണ്ട് വരാന്‍ കഴിയുമോ എന്ന് ചോദിച്ചു. സ്വപ്‌ന നടത്താമെന്ന് ഏറ്റു,’ മൊഴിയില്‍ പറയുന്നു.

ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് വീണ്ടും തമ്മില്‍ കാണുതെന്നും ഉദ്ഘാടനത്തിന് എത്തിയ കോണ്‍സല്‍ ജനറലിന് എന്ത് സമ്മാനം കൊടുക്കണം എന്നും ചോദിച്ചു. ഇക്കാര്യം താന്‍ കോണ്‍സല്‍ ജനറലിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയപ്പോള്‍ മാക്ബുക്ക് സമ്മാനമായി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കടയുടമ വഴി അത് സമ്മാനമായി നല്‍കുകയും ചെയ്തുവെന്നും മൊഴിയില്‍ പറയുന്നു.

അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവില്‍ പോകാന്‍ തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ നിര്‍ദേശിച്ചു. എന്നാല്‍ അതിന് മുമ്പ് അനില്‍ നമ്പ്യാര്‍ സ്വപ്‌നയെ വിളിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോണ്‍സല്‍ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാന്‍ നമ്പ്യാര്‍ ആവശ്യപ്പെടുകയും ചെയ്തു. അനില്‍ നമ്പ്യാരെ വിളിച്ച് കോണ്‍സല്‍ ജനറലിന്റെ പേരില്‍ ഇപ്രകാരം ഒരു കത്ത് തയ്യാറാക്കി നല്‍കാന്‍ താന്‍ ആവശ്യപ്പെടുകയായിരുന്നെന്നും സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നു.

അതേസമയം പിന്നീട് താന്‍ സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കയിലായിരുന്നുവെന്നും അതിനാല്‍ കത്തിനെ സംബന്ധിച്ച കാര്യം പിന്നീട് അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.

സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അനില്‍ നമ്പ്യാരെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

അനില്‍ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണില്‍ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്നാണ് സൂചന. ഫോണില്‍ ബന്ധപ്പെട്ടവരില്‍ ചിലയാളുകള്‍ ഒളിവില്‍ പോകാന്‍ സ്വപ്ന സുരേഷിന് സഹായം ചെയ്തു നല്‍കിയെന്നാണ് കസ്റ്റംസിന്റെ നിഗമനം.

Content Highlight: Statement of Swapna Suresh about relation with journalist Anil Nambiar

We use cookies to give you the best possible experience. Learn more