നുപുര്‍ ശര്‍മയുടെ പ്രസ്താവനകള്‍ ഇന്ത്യയുടെയോ പ്രധാനമന്ത്രിയുടെയോ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല: പിയുഷ് ഗോയല്‍
national news
നുപുര്‍ ശര്‍മയുടെ പ്രസ്താവനകള്‍ ഇന്ത്യയുടെയോ പ്രധാനമന്ത്രിയുടെയോ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല: പിയുഷ് ഗോയല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th June 2022, 11:56 am

ന്യൂദല്‍ഹി: പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പരാമര്‍ശം രാജ്യത്തിന്റെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ ഇത് ബാധിച്ചിട്ടില്ലെന്നും ലോകരാജ്യങ്ങളെ നയിക്കുന്നത് ഇന്ത്യ തുടരുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നടത്തിയതല്ല. വിഷയത്തില്‍ വ്യക്തത വരുത്തി ഫോറിന്‍ ഓഫീസ് രംഗത്തെത്തിയിട്ടുണ്ടെന്നും അറബ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ക്യാപെയിന്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിഷയവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ ബി.ജെ.പി നേതൃത്വം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്,’ പിയുഷ് ഗോയല്‍ പറഞ്ഞു.

ലോകവ്യാപകമായി ബി.ജെ.പി വക്താവിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര വാണിജ്യ മന്ത്രിയുടെ പരാമര്‍ശം.

ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ ബി.ജെ.പി നേതൃത്വത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും തിരിയുന്ന സ്ഥിതിവിശേഷവും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.

ടൈംസ് നൗവില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്.

നുപുര്‍ ശര്‍മയെ പുറത്താക്കിയ നടപടി സ്വാഗതാര്‍ഹമാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍, നടപടി തെറ്റാണെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ അഭിപ്രായം. പാര്‍ട്ടിയുടെ ആശയം മാത്രമാണ് നുപുര്‍ ചര്‍ച്ചയില്‍ പറഞ്ഞതെന്നും ഇതിന് ബി.ജെ.പി സ്വീകരിച്ച നടപടി ശരിയല്ലെന്നുമായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ വാദം.

ഇന്തോനേഷ്യ, ജോര്‍ദാന്‍, ലിബിയ, മാലിദ്വീപ്, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും സംഭവത്തില്‍ പ്രതിഷേധമറിയിച്ചിരുന്നു.

Content Highlight: Statement of nupur sharma hasn’t tarnished the image of Modi for India says Piyush Goyal