| Tuesday, 7th May 2024, 5:36 pm

ദേശീയ താത്പര്യം മുന്‍നിര്‍ത്തി ഒ.ബി.സി വിഭാഗക്കാര്‍ വോട്ട് ചെയ്യാന്‍ മുന്നോട്ട് വരണം: ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ തലവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ താത്പര്യം മുന്‍നിര്‍ത്തി ഒ.ബി.സി വിഭാഗത്തോട് വോട്ട് ചെയ്യാന്‍ ആഹ്വാനവുമായി ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ തലവന്‍ ഹന്‍സ് രാജ് ഗംഗാറാം അഹിര്‍. 2019 മുതല്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നും വന്നിരിക്കുന്ന വോട്ടുകളുടെ എണ്ണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നടത്തിയ അന്വേഷങ്ങള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള ആളുകളുടെ വോട്ടിങ്ങില്‍ വരുന്ന ക്രമാതീതമായ കുറവിനെ കുറിച്ച് കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു.

വോട്ട് ചെയ്യുന്നതില്‍ ജനങ്ങള്‍ക്ക് വലിയതോതില്‍ താത്പര്യക്കുറവ് വന്നിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ ഇത്തരമൊരു ആഹ്വാനവുമായി രംഗത്തെത്തിയത്.

‘ഇപ്പോഴത്തെയും ഭാവി തലമുറയുടെയും നന്മക്ക് വേണ്ടിയും ജനാധിപത്യത്തിന്റെ നിലനിൽപ്പിനുവേണ്ടിയും നിങ്ങള്‍ വോട്ട് ചെയ്യുക,’ അദ്ദേഹം പറഞ്ഞു.

‘ഒ.ബി.സി വിഭാഗമാണ് രാജ്യത്തെ ഏറ്റവും വലിയ വിഭാഗം, ആ വിഭാഗത്തില്‍ നിന്നും വോട്ട് ചെയ്യുന്ന ആളുകളുടെ എണ്ണം കുറയുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് ഇത്തരമൊരു അഭ്യര്‍ത്ഥന മുന്നോട്ട് വെച്ചത്,’ ദി ഹിന്ദു പത്രത്തോട് അഹിര്‍ പറഞ്ഞു.

ഭരണഘടനയിലെ 102ാം ഭേദഗതി പ്രകാരം പിന്നോക്ക വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അഹിര്‍ പറഞ്ഞു. 2018 ലെ 102ാം ഭരണഘടനാ ഭേദഗതി കമ്മീഷന് ഭരണഘടന പദവി നല്‍കിയിട്ടുണ്ടെന്നും പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ കമ്മീഷനെ അനുവദിച്ചിട്ടുണ്ടെന്നുമായിരുന്നു അഹിര്‍ പറഞ്ഞത്.

മുസ്‌ലിം വിഭാഗത്തിന് കാറ്റഗറി രണ്ടില്‍ നല്‍കുന്ന പ്രത്യേക സംവരണത്തെ ‘ബ്ലാങ്കറ്റ് റിസര്‍വേഷന്‍’ എന്ന് നേരത്തെ അഹിര്‍ വിശേഷിപ്പിച്ചിരുന്നു. സമാനമായ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയിരുന്നു. കോണ്‍ഗ്രസ് ഒ.ബി.സി വിഭാഗങ്ങളുടെ സംവരണം മുസ്‌ലിം വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ പോവുകയാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

ഇത് ആദ്യമായല്ല അഹിര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം പശ്ചിമ ബംഗാളിലെ ഒ.ബി.സി ലിസ്റ്റിലും സമാനമായ പരാമര്‍ശം അദ്ദേഹം നടത്തിയിരുന്നു. ബംഗാളില്‍ ഒ.ബി.സി വിഭാഗത്തില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളെ ആണെന്നും ഇതെങ്ങനെ ശരിയാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Content Highlight: statement of N.C.B.C head

We use cookies to give you the best possible experience. Learn more