ന്യൂദൽഹി: ലോക്സഭയിൽ ഒറ്റ ശബ്ദമായി നിലകൊള്ളുമെന്നും പ്രതിപക്ഷത്തോടൊപ്പമോ ഇടത് പക്ഷത്തോടൊപ്പമോ ചേരില്ലെന്നും പ്രഖ്യാപിച്ച് ആസാദ് സമാജ് പാർട്ടി നേതാവും നാഗിന എം.പിയുമായ ചന്ദ്രശേഖർ ആസാദ്.
‘ഞങ്ങൾ പിന്തുടരുന്നവരല്ല മറിച്ച് ദശലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ്,’ അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ഐഡിയ എക്സ്ചേഞ്ച് പ്രോഗ്രാമിനിടയിൽ പറഞ്ഞു.
‘ഞാൻ ആദ്യമായി പാർലമെന്റിൽ പോയപ്പോൾ അവിടെയുള്ള ഒരു ഒഴിഞ്ഞ സീറ്റിൽ പോയിരുന്നു. പ്രതിപക്ഷത്തുള്ള എന്റെ സുഹൃത്തുക്കൾ എന്നെ വിളിച്ച് അടുത്തിരുത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചു. കാരണം ഞങ്ങൾ രണ്ട് പേരും ബി.ജെ.പിക്കെതിരെ പോരാടുന്നവരാണ്. എന്നാൽ മൂന്ന് ദിവസം ഇരുന്നിട്ടും ആരും എന്നെ വിളിച്ചില്ല. അതോടെ ചന്ദ്രശേഖർ ആസാദ് എവിടെ ഇരുന്നാലും ആരും ശല്യപ്പെടുത്തില്ലെന്ന് എനിക്ക് മനസിലായി,’ അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ഒറ്റക്കായിരിക്കും പക്ഷെ പ്രതിനിധാനം ചെയ്യുന്ന വിഭാഗം വലുതാണെന്നും അവർക്കുവേണ്ടി, സമൂഹത്തിന് വേണ്ടി മറ്റുള്ളവരെ പിന്തുടരാതെ അഭിമാനത്തോടെ താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ നേതാക്കൾക്ക് ദരിദ്രവിഭാഗങ്ങൾക്കിടയിൽ നിന്നൊരു സ്വതന്ത്ര നേതാവിനെ വേണ്ടെന്നാണ് തോന്നുന്നതെന്നും അവർക്ക് ആര് വന്നാലും തങ്ങളുടെ കീഴിൽ നിൽക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബി.ജെ.പി എനിക്ക് പ്രധാനമന്ത്രി പദവി വാഗ്ദാനം ചെയ്താലും ഞാൻ അങ്ങോട്ട് പോകില്ല. അവർ അധികാരമല്ല പദവികൾ മാത്രമാണ് നൽകുന്നത്. നിങ്ങൾക്ക് അധികാരമില്ലെങ്കിൽ നിങ്ങളുടെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കില്ല,’ അദ്ദേഹം പറഞ്ഞു.
തന്റെ ജനവിഭാഗത്തെ പ്രതിനിധീകരിച്ച് താൻ ലോക്സഭയിലെത്തിയെന്നും അംബേദ്കറിന്റെയും കാൻഷി റാമിന്റെയും ആഗ്രഹങ്ങൾ ഇനിയും നിറവേറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല വിദ്യാർത്ഥി എന്ന നിലയിൽ അവരുടെ ആഗ്രഹണങ്ങൾ താൻ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.