ബെംഗളൂരു: സ്ത്രീക്കും പുരുഷനും അഭിമാനം ഒരുപോലെയാണെന്നും ശാരീരിക മുറിവിനേക്കാൾ വേദനാജനകമാണ് മനസ്സിനേൽക്കുന്ന മുറിവ് എന്നുമുള്ള നിരീക്ഷണവുമായി ബെംഗളൂരു കോടതി.
യുവാവിന്റെ നഗ്ന ദൃശ്യങ്ങൾ എടുക്കുകയും, സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു .
ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പ്രതികളായിരുന്നു ജാമ്യഹർജി നൽകിയത്. സിറ്റി സിവിൽ ആൻഡ് സെക്ഷൻ കോടതി ജഡ്ജി മുംതാസാണ് പരാതിക്കാരുടെ ജാമ്യാപേക്ഷ തള്ളിയത്.
‘പുരുഷന്മാരും തങ്ങളുടെ ശരീരം പവിത്രമായാണ് കാണുന്നത്. സ്ത്രീകളുടെയും പുരുഷൻമാരുടെയും ശരീരം പവിത്രമാണ്. അതിലേക്കുള്ള കടന്നുകയറ്റം ഗുരുതരമായ കുറ്റമാണ്. ശാരീരിക മുറിവുകളേക്കാൾ കഠിനമാണ് മാനസിക മുറിവുകൾ. നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് മനസ്സിൽ മായാത്ത മുറിവുണ്ടാക്കും,’ ജഡ്ജി മുംതാസ് പറഞ്ഞു.
അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്ന വേളയിൽ ജാമ്യം ലഭിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ജഡ്ജി നിരീക്ഷിച്ചു.
കടം വാങ്ങിയ പണം തിരിച്ചു നൽകാൻ കാലതാമസമെടുത്തതിനെ തുടർന്ന് യുവതിയും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ മർദിക്കുകയും നഗ്നനാക്കി വീഡിയോ എടുക്കുകയുമായിരുന്നു. പണം തന്നില്ലെങ്കിൽ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷിണിപ്പെടുത്തിയിരിക്കുന്നു. യുവാവിന്റെ സുഹൃത്തുക്കൾ തന്നെയാണ് പ്രതികൾ.
ഏപ്രിൽ 21 നാണ് സംഭവം നടന്നത്. പ്രതികൾ യുവാവിനെ തങ്ങളിലൊരാളുടെ വീട്ടിലേക്ക് സൗഹൃദം നടിച്ച കൂട്ടിക്കൊണ്ട് പോവുകയും അവിടെ വെച്ച് എല്ലാവരും ചേർന്ന് മർദിക്കുകയുമായിരുന്നു. തുടർന്ന് യുവാവിന്റെ നഗ്നദൃശ്യങ്ങൾ എടുക്കുകയും മെയ് അഞ്ചിന് മുൻപ് പണം നൽകിയില്ലെങ്കിൽ ഇത് സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് ഭീഷിണിപ്പെടുത്തുകയുമായിരുന്നു. കടം വാങ്ങിയ പണം നൽകിയില്ല എന്ന് പറഞ്ഞാണ് ആക്രമണവും ഭീഷിണിയും നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു.
ഇതേതുടർന്ന് യുവാവ് പുട്ടെനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.