| Tuesday, 2nd July 2019, 11:01 am

സി.ഒ.ടി നസീറിനെതിരേ ഗൂഢാലോചന നടന്നത് ഷംസീറിന്റെ കാറില്‍; മുഖ്യപ്രതിയുടെ മൊഴി നിര്‍ണായകമാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ഗൂഢാലോചന നടന്നത് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ കാറില്‍വെച്ചാണെന്ന് നിര്‍ണായകമൊഴി. ഷംസീര്‍ ഉപയോഗിക്കുന്ന സഹോദരന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഇതിനുപയോഗിച്ചതെന്ന് അറസ്റ്റിലായ മുഖ്യപ്രതി പൊട്ടിയന്‍ സന്തോഷ് മൊഴി നല്‍കി.

സംഭവം നടന്ന ദിവസവും അടുത്തദിവസവും പ്രതികളെ ഷംസീര്‍ ഒട്ടേറെത്തവണ ഫോണ്‍ ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നസീറിന്റെ മൊഴിയെടുക്കുന്നതിനു പുറമേ കാറും പൊലീസ് കസ്റ്റഡിയില്‍ എടുക്കും.

ഗൂഢാലോചന നടക്കവെ കാറില്‍ വാഹനം ഓടിച്ച പുല്യോട് ബ്രാഞ്ച് സെക്രട്ടറി എന്‍.കെ രാഗേഷും ക്വട്ടേഷന്‍ ഏറ്റെടുത്ത സന്തോഷും മാത്രമാണ് ഉണ്ടായിരുന്നതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മറ്റു തെളിവുകള്‍ ലഭിക്കാത്തതാണു കാരണം.

രണ്ടു പ്രതികള്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് കീഴടങ്ങിയത്. തലശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെയാണ് ഇവര്‍ കീഴടങ്ങിയത്. നസീറിനെ ആക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷ് ക്വട്ടേഷന്‍ നല്‍കിയത് ഇവര്‍ക്കായിരുന്നു.

സി.ഒ.ടി.നസീറിന്റെ വധശ്രമത്തിനു പിന്നില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് മുന്‍ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എം.എല്‍.എയുടെ സഹായിയുമായിരുന്നയാള്‍ അറസ്റ്റിലായത്.

അതേസമയം അണികള്‍ക്ക് വിരോധമുണ്ടായതിനെ തുടര്‍ന്ന് താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് പുല്യോട് ബ്രാഞ്ച് സെക്രട്ടറി എന്‍.കെ രഗേഷ് മൊഴി നല്‍കിയിരുന്നു

മെയ് 18-നാണ് സി.ഒ.ടി നസീറിനെതിരെ വധശ്രമമുണ്ടായത്. അദ്ദേഹത്തെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കേസില്‍ 11 പേരുടെ പ്രതിപ്പട്ടികയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് നസീര്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more