കോഴിക്കോട്: ധീരരക്തസാക്ഷി ഭഗത് സിങ്ങിനെ കുറിച്ച് മീഡിയവണ്‍ മാനേജിങ്ങ് എഡിറ്റര്‍ സി.ദാവൂദ് നടത്തിയ പ്രസ്താവന സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. ദാവൂദിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
‘ധീര വിപ്ലവകാരിയും ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ജ്വലിക്കുന്ന നക്ഷത്രവുമായ രക്തസാക്ഷി സഖാവ് ഭഗത് സിങ്ങിനെ കുറിച്ച് മീഡിയ വണ്‍ മാനേജിങ് എഡിറ്ററും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ സി. ദാവൂദ് നടത്തിയ പ്രസ്താവന സ്വാതന്ത്ര സമര നേതാക്കളെ അപമാനിക്കുന്നതും പ്രതിഷേധാര്‍ഹവുമാണ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
രാജ്യത്തെ ബ്രിട്ടീഷ് ഭരണ കാലത്ത് ജനവിരുദ്ധമായ ഒരു നിയമം പാസാക്കുന്ന അസംബ്ലിയിലേക്ക് കൈബോംബും ലഘുലേഖകളും എറിയുകയും, രക്ഷപ്പെടാനുള്ള സാധ്യതയുണ്ടായിട്ടും അത് ചെയ്യാതെ പിടികൊടുക്കുകയും ചെയ്തവരാണ് ഭഗത് സിങ്ങും കൂട്ടാളികളും. ഈ ധീര വിപ്ലവകാരികളെ തികച്ചും നിന്ദാപരമായ ചേഷ്ടകളോടെ ഭഗത് സിങ് കോടതിയില്‍ ബോംബ് വച്ചതിന് ശിക്ഷിക്കപ്പെട്ടെന്നും പിന്നീട് 1947 ആഗസ്ത് 15 കഴിഞ്ഞപ്പോള്‍ ധീര ദേശാഭിമാനിയായെന്നുമാണ് സി. ദാവൂദ് പ്രസ്താവിച്ചതെന്ന് വി.കെ സനോജ് പറയുന്നു.
ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തുന്ന മതരാഷ്ട്ര വാദത്തില്‍ ആകൃഷ്ടരായി ജനങ്ങളെ ബോംബ് സ്‌ഫോടനം നടത്തി കൊന്നൊടുക്കുന്ന മത തീവ്രവാദികളെ ഭഗത് സിങ്ങിനോട് ഉപമിച്ച് രണ്ടും ഒന്നാണെന്ന് വരുത്തി തീര്‍ക്കാനുള്ള പാഴ്‌വേലയാണ് സി. ദാവൂദിന്റെ മനസ്സില്‍. അങ്ങനെയെങ്കില്‍ അത് സ്വാതന്ത്ര സമരത്തിന്റേയും തൊഴിലാളി – കര്‍ഷക പോരാട്ടങ്ങളുടേയും പൊള്ളുന്ന ചരിത്രം പേറുന്ന കേരളത്തിലെ മനുഷ്യര്‍ക്കിടയില്‍ ചെലവാകില്ല എന്നോര്‍ക്കണമെന്നും വി.കെ സനോജ് കൂട്ടിച്ചേര്‍ത്തു.
‘ധീര വിപ്ലവകാരികളും രക്തസാക്ഷികളുമായ സ്വാതന്ത്ര സമര സേനാനികള്‍ ഏതേലും മത രാഷ്ട്രമുണ്ടാക്കാനായുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരല്ല. അവര്‍ ഈ നാടിന്റെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് സന്ധിയില്ലാതെ സ്വന്തം ജീവനും ജീവിതവും ത്യജിച്ച് പോരാടിയവരാണ്. ഭഗത് സിങ് 1947-ആഗസ്ത് 15 ന് ശേഷവുമല്ല ധീര ദേശാഭിമാനിയായത്.
തൂക്കിലേറ്റപ്പെടുന്ന സമയത്ത് തന്നെ അദ്ദേഹത്തിനും കൂട്ടര്‍ക്കുമായി രാജ്യം മുഴുവന്‍ ഇന്‍ക്വിലാബ് മുഴങ്ങിയിട്ടുണ്ട്. ഭഗത് സിങ് ജീവിച്ചിരുന്ന കാലത്ത് രാജ്യത്തെ യുവാക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി പോരാടാനായി ഊര്‍ജ്ജം നല്‍കുകയാണ് ചെയ്തത്, അല്ലാതെ മതരാഷ്ട്രം നിര്‍മ്മിക്കാനായി ബോംബ് നിര്‍മ്മാണം നടത്തി ചാവേറുകളെ സൃഷ്ടിക്കുകയായിരുന്നില്ല. വെള്ളക്കാരായ ബ്രിട്ടീഷുകാരില്‍ നിന്ന് കറുത്തവരായ ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറി കിട്ടിയിട്ട് മുസല്‍മാനെന്ത് കാര്യമെന്ന് ചോദിച്ച മൗദൂദിയുടെ ശിഷ്യന്‍മാര്‍ക്ക് സ്വാതന്ത്ര സമര കാലത്തെ വിപ്ലവ പോരാട്ടങ്ങളെ കുറിച്ച് പുച്ഛം തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂവെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ധീര ദേശാഭിമാനികളായ രക്തസാക്ഷികളെ അപമാനിക്കാനുള്ള ശ്രമം ഡി.വൈ.എഫ്.ഐ അനുവദിക്കില്ലെന്നും സി. ദാവൂദ് ഭഗത് സിങ്ങിനെതിരെയുള്ള പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.
ഭഗത്സിങ് കോടതിയില്‍ ബോംബ് വെച്ച ആളാണെന്നും എന്നാല്‍ 1947 ഓഗസ്റ്റ് 15ന് ഒരു കലണ്ടര്‍ ദിനം മാറിയപ്പോള്‍ ധീരദേശാഭിമാനിയായി മാറിയെന്നുമാണ് ദാവൂദിന്റെ പരാമര്‍ശം. ജിദ്ദയിലെ മീഡിയ വണ്ണിന്റെ ഒരു പ്രോഗ്രാമിനിടെ നടത്തിയ ഈ പരാമര്‍ശത്തനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം ശക്തമാവുകയായിരുന്നു.
സ്‌കൂളുകളിലൊക്കെ ശഹീദ് ഭഗത്‌സിങ് അഥവാ ധീരദേശാഭിമാനി ഭഗത്‌സിങ് എന്നാണ് നമ്മളെല്ലാവരും പഠിച്ചിരുന്നതെന്ന് പറഞ്ഞ ദാവൂദ് എന്നാല്‍ കോടതിയില്‍ ബോംബ് വെച്ചതോടെ അയാള്‍ ഭീകരവാദിയായി മാറിയെന്നും പറയുന്നു.ഓഗസ്റ്റ് 15ഓടെ അത്രയും കാലം ഭീകരവാദിയും തീവ്രവാദിയുമെല്ലാമായിരുന്ന ആള്‍ ഒരു ദിവസത്തിനുള്ളില്‍ ശഹീദും ധീരദേശാഭിമാനിയും ആവുകയായിരുന്നെന്നും ദാവൂദ് പറയുകയുണ്ടായി.
Content Highlight: Statement against Bhagatsingh insults freedom fighters; C. Dawood should retract his statement and apologize: DYFI