ന്യൂദൽഹി: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നും 2024 സെപ്തംബറിനകം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീം കോടതി.
ജമ്മുകശ്മീർ സംസ്ഥാനത്തെ ജമ്മുകശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിച്ചത് താത്കാലികം ആണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനാൽ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പുനക്രമീകരണ സാധുത നിർണയിക്കേണ്ടത് അനിവാര്യമല്ലെന്ന് സുപ്രീം കോടതി അറിയിച്ചു.
ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പുനക്രമീകരിച്ചത് സുപ്രീം കോടതി ശരിവെച്ചു. എത്രയും പെട്ടെന്ന് ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നും 2024 സെപ്തംബർ 30ന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊള്ളണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
അതേസമയം, അസംബ്ലി ഇല്ലാതായപ്പോൾ 370 (3) വ്യവസ്ഥ മാത്രമേ ഇല്ലാതായിട്ടുള്ളൂ എന്നും നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ ഭേദഗതി പാടുള്ളൂ എന്നും ജസ്റ്റിസ് സഞ്ജയ് കൗൾ അറിയിച്ചു. ഭരണാധികാരികൾ നടത്തിയ നിയമലംഘനം തുറന്നു സമ്മതിക്കണം എന്നും അദ്ദേഹം പറഞ്ഞു.
1980 മുതലുള്ള മനുഷ്യാവകാശ ലംഘനം അന്വേഷിക്കാൻ സമിതി രൂപീകരിക്കണമെന്നും അനുരഞ്ജനത്തിന് നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കൗൾ വിധിപ്രസ്താവനയിൽ പറഞ്ഞു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹരജിയിലായിരുന്നു സുപ്രീം കോടതിയുടെ വിധി.
ഇന്ത്യയുടെ ഭാഗമായതോടെ ജമ്മുകശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും കശ്മീരിലെ പ്രത്യേക ഭരണഘടന രാജ്യവുമായുള്ള ബന്ധം വിശദീകരിക്കാൻ വേണ്ടി മാത്രമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അറിയിച്ചു.
Content Highlight: Statehood of Jammu Kashmir to be Restored; Assembly Election to be held before 2024 September