സ്‌കൂള്‍ കലോത്സവം: കോഴിക്കോടും തൃശൂരും ഇഞ്ചോടിഞ്ച് പോരാട്ടം
Kerala
സ്‌കൂള്‍ കലോത്സവം: കോഴിക്കോടും തൃശൂരും ഇഞ്ചോടിഞ്ച് പോരാട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th January 2013, 10:49 am

മലപ്പുറം: 53 ാം സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് കിരീടത്തിനായി നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോടും തൃശൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 888 പോയിന്റുമായി കോഴിക്കോട് ഒന്നാമതായി നില്‍ക്കുമ്പോള്‍ തൊട്ടുപുറകില്‍ 884 പോയിന്റുമായി തൃശൂരും കുതിപ്പ് തുടരുകയാണ്.[]

857 പോയിന്റ് നേടിയ മലപ്പുറവും 854 പോയിന്റുമായി പാലക്കാടും മൂന്നും നാലും സ്ഥാനങ്ങളിലായി തൊട്ടുപുറകേയായുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം ഒന്നാം സ്ഥാനത്ത് തൃശൂരും രണ്ടാം സ്ഥാനത്ത് കോഴിക്കോടുമാണുള്ളത്.

നാലിനങ്ങില്‍ മാത്രമാണ് ഇനി മത്സരം നടക്കാനിരിക്കുന്നത്. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

അടുത്ത വര്‍ഷംപാലക്കാടാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് വേദിയാവുക. ദരിദ്രരായ മത്സരാര്‍ഥികളുടെ ചിലവുകള്‍ വഹിക്കാന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ സമ്മാനത്തുക ഇരട്ടിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അറിയിച്ചു.

കലോത്സവങ്ങള്‍ക്ക് സ്ഥിരം മത്സരവേദിയെന്നത് പരിഗണനിയിലില്ലെന്നും കലോത്സവം ആസ്വദിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.