വൈക്കം: ഹാദിയയെ കാണാന്‍ വൈക്കത്തെ വസതിയിലെത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഹാദിയയുടെ പരിതാവ് അശോകന്‍ മടക്കി അയച്ചു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അശോകന്റൈ വസതിയില്‍ എത്തിയെങ്കിലും മകളെ കാണാന്‍ ആരെയും അനുവദിക്കില്ലെന്ന് അശോകന്‍ വ്യക്തമാക്കിയെന്ന് കമ്മീഷന്‍ അറിയിച്ചു.
ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് ഹാദിയയെ കാണാന്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് സംസ്ഥാന അധ്യക്ഷയെ സന്ദര്‍ശനത്തില്‍ നിന്നും വിലക്കിയിരിക്കുന്നത്. ഈ മാസം ആറാം തീയ്യതിയായിരുന്നു ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ഹാദിയയെ സന്ദര്‍ശിച്ചിരുന്നത്.
ഹാദിയ അച്ഛന്റെ സംരക്ഷണയില്‍ പൂര്‍ണ സുരക്ഷിതയാണന്നും സ്വതന്ത്രയാണെന്നും രേഖാശര്‍മ്മ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഹാദിയ വീട്ടിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണ് നേരിടുന്നതെന്ന് സംസ്ഥാന കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞു.
“സുഹൃത്തുക്കളുമായി സഹവസിക്കാന്‍ പോലും കഴിയാത്തവിധം വീടിനുളളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഹാദിയ നേരിടുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. സ്വന്തം വിശ്വാസവും ജീവിതവും തെരഞ്ഞെടുക്കാനുളള അവകാശം ഭരണഘടന ഉറപ്പു നല്‍കിയിട്ടുളളതാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ ബോധിപ്പിക്കും” കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.
ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്ന യാത്ര വിമാനത്തിലാക്കണമെന്നാവശ്യപ്പെടാനും യാത്രയുടെ സുരക്ഷാകാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനുമാണ് ജോസഫൈന്‍ ഹാദിയയുടെ വീട്ടിലെത്തിയിരുന്നത്. വിമാനയാത്രയുടെ ചെലവ് വനിതാ കമ്മീഷന്‍ വഹിക്കാമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു. എന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും കമ്മീഷന്‍ യാത്ര ചെലവ് നല്‍കേണ്ടതില്ലെന്നുമായിരുന്നു അശോകന്റെ മറുപടിയെന്ന് കമ്മിഷന്‍ പറഞ്ഞു.
Dont Miss: മധ്യപ്രദേശില്‍ ബി.ജെ.പി എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
തന്റെ അഭിപ്രായം കേള്‍ക്കാതെ കേസില്‍ കേരളാ വനിതാ കമ്മീഷന്‍ സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നത് ശരിയായില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ മാത്രമേ മകളെ കാണാന്‍ അനുവദിച്ചിട്ടുളളൂവെന്നും അശോകന്‍ പറഞ്ഞു. എന്നാല്‍ യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും അക്കാര്യത്തില്‍ ശരിയായ നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചതെന്നും ജോസഫൈന്‍ അവകാശപ്പെട്ടു.
ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയുടെ സന്ദര്‍ശനം കൊണ്ട് യുവതിക്ക് എന്ത് സ്വാതന്ത്ര്യമാണ് ലഭിച്ചതതെന്നും ജോസഫൈന്‍ ചോദിച്ചു. “അച്ഛന്റെ അനുവാദത്തോടെ മാത്രമേ പ്രായപൂര്‍ത്തിയായ മകളെ കാണാന്‍ കഴിയൂ എന്ന സ്ഥിതി തുടരുന്നത് ആശാസ്യമല്ല. ഈ നിലപാട് തിരുത്തണം. സംസ്ഥാന വനിതാകമ്മീന്‍ അധ്യക്ഷ സന്ദര്‍ശിക്കുക വഴി മകള്‍ക്ക് എന്ത് സുരക്ഷാ ഭീഷണിയാണുണ്ടാകുന്നതെന്ന് വ്യക്തമാക്കണെന്നും” കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
അതേസമയം ഹാദിയക്ക് സംരക്ഷണം നല്‍കുന്ന വനിതാ പൊലീസുകാരോട് ജോസഫൈന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഹാദിയയുടെ സൂപ്രീം കോടതിയിലേയ്ക്കുളള യാത്രയില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ പൊലീസ് സ്വീകരിച്ച നടപടികളെ കുറിച്ച് ജില്ലാ പൊലീസ് മേധാവിയില്‍ നിന്നു കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.