കൊവിഡ് സാഹചര്യത്തില്‍ തൊഴിലും പഠനവുമെല്ലാം ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സഹായത്തോടുകൂടി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണ് നാം ഇപ്പോള്‍ ഉള്ളത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗം കൈകാര്യം ചെയ്യുന്നതില്‍ നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട് വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ സുഗമമായ നടത്തിപ്പ് സാധ്യമാവണമെങ്കില്‍ 4000 മൊബൈല്‍ ടവറുകള്‍ കൂടി സംസ്ഥാനത്തിന് വേണ്ടിവരും.
നിലവിലുള്ള ഉപഭോക്താക്കളെ മാത്രമെടുത്താല്‍ എല്ലാ സേവനദാതാക്കള്‍ക്കും കൂടി അടിയന്തിരമായി വേണ്ട മൊബൈല്‍ ടവറുകളുടെ എണ്ണം ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കണക്കാക്കിയതാണിത്. പുതിയ ഉപഭോക്താക്കളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരുന്നതിനാല്‍ അടുത്ത 6 മാസത്തിനുള്ളില്‍ നിലവിലുള്ളതിന് പുറമേ 1000 മൊബൈല്‍ ടവറുകള്‍ കൂടിയെങ്കിലും സ്ഥാപിക്കേണ്ടി വരുമെന്നാണ് സേവനദാതാക്കളുടെ നിഗമനം.
ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെ കഴിഞ്ഞ 3 ദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ 25 മുതല്‍ 30 വരെ ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നെങ്കിലും സ്വകാര്യ-ഐ.ടി കമ്പനികള്‍ ജീവനക്കാരോട് വീടുകളില്‍ നിന്ന് ജോലി തുടരാന്‍ നിര്‍ദേശിച്ചിട്ടുള്ളതും ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റിന്റെ വേഗതക്കുറവ്, കോളുകളിലെ തടസ്സം, അവ്യക്തത, വീഡിയോ കോളുകളുടെ നിലവാരക്കുറവ് തുടങ്ങിയ പരാതികളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ എല്ലാ സേവനദാതാക്കള്‍ക്കും കൂടി 17000 മൊബൈല്‍ ടവറുകള്‍ മാത്രമാണുള്ളത്. വിവിധ പ്രദേശങ്ങളില്‍ നെറ്റ്വര്‍ക്ക് ശേഷി കുറവുണ്ടായിരുന്നതിനാല്‍ 2000 പുതിയ ടവറുകള്‍ കൂടി ലോക്ക്ഡൗണിന് മുന്‍പ് തന്നെ വേണ്ടിയിരുന്നു.
അത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ലോക്ഡൗണില്‍ ഇന്റര്‍നെറ്റ് ഉപയോഗം കുതിച്ചുയരുന്നത്. മുന്‍പ് വൈകീട്ട് ഏഴ് മുതല്‍ രാത്രി 11 വരെയുള്ള സമയമായിരുന്നു ഇന്റര്‍നെറ്റ് ഉപയോഗം പരമാവധിയിലെത്തിയിരുന്നത്.
എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളും വര്‍ക്ക് ഫ്രം ഹോമും നടക്കുന്നതിനാല്‍ രാവിലെ 8 മുതല്‍ രാത്രി 12 വരെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ച തോതിലാണ്. നിലവിലുള്ള നെറ്റ്വര്‍ക്ക് ശേഷിയുടെ 90 ശതമാനത്തിലേറെയാണ് ഇപ്പോള്‍ സാധാരണ ഉപയോഗം. ഇതിനു പുറമെ പ്രളയമുള്‍പ്പെടെയുള്ള പ്രകൃതിദുരന്ത സാഹചര്യങ്ങളില്‍ അടിയന്തിര സേവനങ്ങള്‍ക്കായുള്ള അധിക നെറ്റ്വര്‍ക്ക് ഉപയോഗം കൂടി വേണ്ടി വന്നാല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ സേവനങ്ങളെല്ലാം താറുമാറാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ടവറുകള്‍ സ്ഥാപിക്കപ്പെടുന്നത്. എന്നാല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അനുമതി ഉള്‍പ്പെടെ ലഭിച്ചിട്ടും തദ്ദേശീയരുടെ എതിര്‍പ്പുകള്‍ മൂലം ആയിരത്തിലേറെ ടവറുകളുടെ നിര്‍മാണം മുടങ്ങിക്കിടക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. ടവറില്‍ നിന്നുള്ള റേഡിയേഷനുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതിഷേധങ്ങളും തുടര്‍ന്നുള്ള കോടതി വ്യവഹാരങ്ങളും കാരണം ടെലികമ്മ്യൂണിക്കേഷന്‍ രംഗവും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക