Latest weather Updates
സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴയെത്തും: കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 26, 11:35 am
Wednesday, 26th February 2025, 5:05 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വേനല്‍മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മറ്റു ദിവസങ്ങളില്‍ ഒരു ജില്ലകളിലും പ്രത്യേകമായി മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നേരത്തെ പിന്‍വലിച്ചിരുന്നു. ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും സൂര്യാഘാത, സൂര്യതാപ സാധ്യതകള്‍ കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Content Highlight: State to receive rain from Friday: Central Meteorological Department