രാഷ്‌ട്രപതി ബില്ലുകൾ തടഞ്ഞുവെക്കുന്നത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും; ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് കേരളം
Kerala News
രാഷ്‌ട്രപതി ബില്ലുകൾ തടഞ്ഞുവെക്കുന്നത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും; ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th March 2024, 12:31 pm

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാതെ രാഷ്‌ട്രപതി ദ്രൗപതി മുർമു തടഞ്ഞുവെക്കുന്നതിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാൻ കേരള സർക്കാർ.

2023 നവംബറിൽ അംഗീകാരത്തിനായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ കൈമാറിയ ഏഴ് ബില്ലുകളിൽ കേരള സർവകലാശാല നിയമങ്ങൾ (ഭേദഗതി നമ്പർ 2) ബിൽ 2022, സർവകലാശാല നിയമ ഭേദഗതി ബിൽ 2022, സർവകലാശാല നിയമ ഭേദഗതി ബിൽ 2021 എന്നിവ മുർമു അംഗീകാരം നൽകാതെ തടഞ്ഞുവെച്ചിരിക്കുകയാണ്.

അതേസമയം കേരള ലോകായുക്ത ബിൽ 2022ന് രാഷ്‌ട്രപതി അംഗീകാരം നൽകി. മറ്റ് രണ്ട് സർവകലാശാല നിയമ ഭേദഗതി ബില്ലുകളിൽ തീരുമാനമായിട്ടില്ല.

ഇന്ത്യൻ രാഷ്‌ട്രപതിയുടെ തീരുമാനങ്ങൾ ജുഡീഷ്യൽ പരിഗണനയിൽ കൊണ്ടുവരുന്നതിന്റെ സാധ്യതയെക്കുറിച്ചുള്ള സംവാദങ്ങൾക്ക് വഴിതുറക്കുന്നതാണ് കേരള സർക്കാരിന്റെ സാധാരണ നീക്കം.

സംസ്ഥാന സർക്കാർ പാസാക്കിയ ബില്ലിന് മേൽ നടപടിയെടുക്കാൻ ഗവർണറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹരജി മാർച്ച്‌ 22ന് പരിഗണിക്കുമ്പോൾ രാഷ്‌ട്രപതിയുടെ വിഷയവും ഉന്നയിക്കുവാനാണ് സംസ്ഥാനത്തിന്റെ പദ്ധതി.

ഭരണഘടന പ്രകാരം നിയമനിർമാണത്തിന് സംസ്ഥാനത്തിന് അധികാരം നൽകുന്ന സ്റ്റേറ്റ് ലിസ്റ്റിന്റെ പരിധിയിൽ വരുന്ന ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയക്കാൻ പാടില്ലായിരുന്നു എന്ന് കേരളം വാദിക്കും.

മാത്രമല്ല, രാഷ്ട്രപതിയുടെ മുൻ‌കൂർ അംഗീകാരം ആവശ്യമായ പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുന്നതല്ല ബില്ലുകൾ എന്ന് കോടതിയെ സംസ്ഥാനം അറിയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗവർണർ തീർപ്പാക്കിയ ഓർഡിനസുകൾ ബില്ലുകൾ പാലിക്കുന്നതിനാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കരുതായിരുന്നു എന്നാണ് സംസ്ഥാനം പറയുന്നത്.

ബില്ലുകളിൽ നടപടിയെടുക്കാൻ ആരിഫ് മുഹമ്മദ് ഖാന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോൾ രാഷ്ട്രപതി ബില്ലുകൾ തടഞ്ഞു വെച്ചതിന്റെ കാരണം അറിയില്ലായിരുന്നു എന്ന് സംസ്ഥാനം കോടതിയെ അറിയിക്കും.

Content Highlight: State to move SC on President withholding her assent to bills